ഹെൽമെറ്റ് ധരിച്ച് ബാങ്കിൽ കയറിയ അഞ്ച് പേർ 14 ലക്ഷം രൂപ കവർന്നു

0
80

ഗുജറാത്തിലെ സൂറത്തില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ചു. സൂറത്തിലെ ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര’ ശാഖയിലാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. പട്ടാപ്പകല്‍ ബാങ്കിലേക്ക് ഇരച്ചെത്തിയ അഞ്ചംഗസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അഞ്ചുമിനിറ്റിനിടെ 14 ലക്ഷം രൂപ കവര്‍ന്നത്. രാവിലെ 11.30 -ഓടെ രണ്ട് ബൈക്കുകളിലാണ് അവർ എത്തിയത്. നാല് പേർ ഹെൽമറ്റ് ധരിച്ചിരുന്നു, ഒരാൾ തുണികൊണ്ട് മുഖം മറച്ചും എത്തി.

ബാങ്കിൽ പ്രവേശിച്ച ഉടൻ ഒരാൾ കാഷ്യർ കൗശൽ പരേഖിനും ഡെപ്യൂട്ടി മാനേജർ കൃഷ്ണ സിംഗ് സജ്ജൻ സിങ്ങിനും നേരെ തോക്ക് ചൂണ്ടി. ഒപ്പം മറ്റ് ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിനുള്ളിൽ പൂട്ടിയിട്ടു. സംഘത്തിലെ രണ്ടുപേർ തോക്കുമായി അവർക്ക് കാവലിരിക്കുകയായിരുന്നു.

കൃഷ്ണ സിങ് പരേഖിനും മാനേജർ കൃഷ്ണയ്ക്കും സമീപമായി പ്യൂൺ ജിതേന്ദ്ര സോനാവാലയും ക്ലീനർ ഷേലേഷും അവിടെ ഉണ്ടായിരുന്നു. ബാങ്കിലെത്തിയ രണ്ട് സ്ത്രീകളും കുട്ടികളും പേടിച്ച് സ്ട്രേങ് റൂമിൽ അഭയം തേടിയിരുന്നു.

കൃഷ്ണ സിങ്ങിനോട് ലോക്കർ തുറക്കാൻ കവർച്ചക്കാർ ആവശ്യപ്പെട്ടു. അവിടെ നിന്ന് 39,000 രൂപ അവർക്കു കിട്ടി. നിലവിളിച്ച ഒരു സ്ത്രീയെ, കവർച്ചക്കാരിൽ ഒരാൾ ചവിട്ടി പുറത്തേക്കിട്ടു. കാഷ്യറുടെ മേശ പരിശോധിച്ച് അതിൽ നിന്ന് 12.87 ലക്ഷം രൂപയോളം മറ്റൊരാൾ ബാഗിൽ കുത്തിനിറച്ചിരുന്നു. പിന്നാലെ അഞ്ച് മിനുട്ടിൽ ഇവർ രക്ഷപ്പെടുകയും ചെയ്തു.

ബാത്ത് റൂമിൽ കുത്തിനിറച്ച് പൂട്ടിയിട്ട 12 -ഓളം പേരെ കൃഷ്ണ സിങ് ആണ് പുറത്തിറക്കിയതെന്നും സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് പറഞ്ഞു.

കവർച്ചക്കാരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.