ചാവക്കാട്ട് എ ഗ്രൂപ്പ് നേതാവ് ഹനീഫയെ കൊലപ്പെടുത്തിയ കേസ്; സിബിഐ അന്വേഷണം വേണമെന്ന് ഒരു വിഭാഗം, പിന്നാലെ കോൺഗ്രസിൽ കൂട്ടത്തല്ല്

0
226

ഗ്രൂപ്പ് പോരിനെത്തുടർന്ന് കൊല്ലപ്പെട്ട ചാവക്കാട് തിരുവത്രയിലെ എ സി ഹനീഫയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നതിനുപിന്നാലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയോ​ഗത്തിൽ കൂട്ടത്തല്ല്‌. കഴിഞ്ഞ ദിവസം ഹനീഫയുടെ ഏഴാം ചരമവാർഷികത്തിന്റെ ഭാ​ഗമായി എം വി അബൂബക്കർ സാഹിബ് സ്മാരക മന്ദിരത്തിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഡിസിസി സെക്രട്ടറി പി യതീന്ദ്രദാസ്, മുൻ ബ്ലോക്ക് പ്രസിസന്റ് സി എ ഗോപപ്രതാപൻ, ബ്ലോക്ക് പ്രസിഡന്റ്‌ അരവിന്ദൻ പല്ലത്ത്, കെ വി ഷാനവാസ് തിരുവത്ര എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

ഹനീഫയുടെ ഏഴാം ചരമവാർഷികത്തിന്റെ ഭാ​ഗമായി നടന്ന അനുസ്മരണസമ്മേളനത്തിലും അനുബന്ധയോ​ഗങ്ങളിലും കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും ഇതിനായി തുടർനടപടി ഉണ്ടാകണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകാനും പ്രവർത്തകർ തീരുമാനിക്കുകയും ചെയ്തു. ഹനീഫ വധത്തിൽ പാർട്ടി സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. ആരോപണവിധേയനും ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റുമായ ഗോപപ്രതാപൻ തന്നെ ഇതിനെ എതിർത്തു.

സംഘടനാ ഘടകങ്ങളും ഹനീഫയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും അതുകൊണ്ട് നിവേദനം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടതോടെ ​ഗോപപ്രതാപൻ നേതാക്കളോട് ആക്രോശിച്ചു. കൊലപാതകത്തിൽ പുതിയ അന്വേഷണത്തിന്റെ ആവശ്യമെന്താണെന്നു കുപിതനായ ഗോപപ്രതാപൻ ചോദിച്ചത്തോടെ രംഗം വഷളായി. കൊലപാതകത്തിൽ ​പങ്കില്ലെങ്കിൽ എന്തിനാണ് ​അന്വേഷണത്തെ എതിർക്കുന്നത് എന്ന് നേതാക്കൾ തിരിച്ചു ചോദിച്ചതോടെ പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ഗോപപ്രതാപൻ അനുകൂലികളായ ചിലർ കൂടി ഇരച്ചുകയറിയതോടെ കൂട്ടത്തല്ലായി മാറി. നിലയില്ലാതെ വന്നപ്പോൾ നേതാക്കൾ സ്ഥലത്തുനിന്നും തടിതപ്പി.

കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ഹനീഫ വധം ഇക്കാര്യം തൃശൂരിലെയും ചാവക്കാട്ടെയും കോൺഗ്രസിൽ പുകഞ്ഞുവരികയാണ്. കോൺഗ്രസിലെ ഗ്രൂപ്പ് വൈരത്തിന്റെ ഭാഗമായാണ് ചാവക്കാട് തിരുവത്രയിൽ എ ഗ്രൂപ്പ് നേതാവ് എ സി ഹനീഫ 2015-ൽ കൊല്ലപ്പെട്ടത്. ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുതയുടെ തുടർച്ചയായിരുന്നു കൊലപാതകം. ആഗസ്റ്റ് ഏഴാം തീയതി രാത്രി വീട്ടുവളപ്പിൽ ഉമ്മയുടെ മുന്നിലിട്ടാണ് പത്തംഗസംഘം ഹനീഫയെ കുത്തിക്കൊലപ്പെടുത്തിയത്. എട്ടുപേരെ പ്രതികളാക്കി 2015 നവംബറിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രധാന പ്രതികളെ ഒഴിവാക്കിയതിനെ തുടർന്ന് ഹനീഫയുടെ ഉമ്മ നൽകിയ ഹർജിയിൽ കേസിൽ പുനരന്വേഷണം നടത്താൻ 2016-ൽ ഹൈക്കോടതി ഉത്തരവിട്ടു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്ന ഗോപപ്രതാപൻ ഉൾപ്പെടെ ഗൂഢാലോചന നടത്തിയാണ് ഹനീഫയെ കൊലപ്പെടുത്തിയത് എന്ന് പ്രവർത്തകർ ആരോപിക്കുന്നു.