പുരാവസ്‌തു തട്ടിപ്പുകേസ്; ഐ ജി ലക്ഷ്മണയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം, ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

0
296

മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്ത ഐ ജി ലക്ഷ്മണയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യവുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. മൂന്നുതവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചുവെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ലക്ഷ്മണ. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന് കാട്ടി രണ്ടാഴ്ച മുമ്പ് ലക്ഷ്മണക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ആരോഗ്യകാരണം പറഞ്ഞ് മുങ്ങി. പിന്നാലെ ആഗസ്ത് മാസത്തിൽ ഹാജരാകാൻ നിർദ്ദേശിച്ച് രണ്ടുതവണ നോട്ടീസ് അയച്ചു. ഏറ്റവുമൊടുവിൽ വെള്ളിയാഴ്ചയും ലക്ഷ്മണ ഹാജരായില്ല.

മൂന്നാമത് നൽകിയ നോട്ടീസിൽ വെള്ളിയാഴ്ച ഹാജരാകാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ, ചികിത്സാകാരണം ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന കാര്യം ക്രൈംബ്രാഞ്ചിനെ ലക്ഷ്മണ അറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് ലക്ഷ്മണയുടെ മുൻകൂർജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുന്നത്.

തട്ടിപ്പുവീരനും പോക്സോ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നയാളുമായ മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ ഐ ജി ലക്ഷ്മണക്കെതിരെ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിരുന്നു. തുടർന്ന ചോദ്യം ചെയ്യലിന് ഹാജരാകാനും നിർദേശിച്ചിരുന്നു. എന്നാൽ, ആരോഗ്യകാരണവും ചികിത്സയുമൊക്കെ ചൂണ്ടിക്കാട്ടി ഐ ജി ലക്ഷ്മണ മുങ്ങുകയാണ്. കേസിൽ നിർണായക വിവരങ്ങളും തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്‌.

മോൺസണിന്റെ തട്ടിപ്പ്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‌ അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടാളിയായിരുന്നുവെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇക്കൂട്ടത്തിലുണ്ട്‌. തട്ടിപ്പിന്റെ പൂർണചിത്രം വ്യക്തമാകണമെങ്കിൽ മൂന്നാംപ്രതിയായ ഐ ജി ലക്ഷ്മണയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്‌.

ഇക്കാര്യവും അന്വേഷണവുമായി ഐ ജി സഹകരിക്കാത്തതും വ്യക്തമാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കോടതി നിർദേശപ്രകാരമാകും തുടർനടപടി. ഒന്നാംപ്രതി മോൺസൺ മാവുങ്കൽ, രണ്ടാംപ്രതി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, നാലാംപ്രതി മുൻ ഡിഐജി എസ്‌ സുരേന്ദ്രൻ, അഞ്ചാംപ്രതി യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ എബിൻ എബ്രഹാം എന്നിവരെ നേരത്തേ അറസ്‌റ്റ്‌ ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയുമായിരുന്നു.