അടൂരിൽ ആർഎസ്എസ് അക്രമം; സിപി ഐഎം ഓഫീസ് അടിച്ചുതകർത്തു

0
152

 

അടൂരിൽ ആർ എസ് എസുകാർ സിപിഐ എം ഓഫീസ് അടിച്ചുതകർത്തു. സിപിഐ എം തുവയൂർ ലോക്കൽ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന ബാലനാശാൻ സ്മാരക സാംസ്കാരിക നിലയമാണ് ഒരു സംഘം ആർഎസ്എസുകാർ അടിച്ചുതകർത്തത്. മണക്കാല ജനശക്തി നഗറിലെ ഓഫീസാണ് ചൊവ്വാഴ്ച അർധരാത്രി ആർഎസ്എസ് സംഘം തകർത്തത്. കെട്ടിടത്തിലെ നാല് ജനൽ ഗ്ലാസും തകർത്തു. ലോക്കൽ സെക്രട്ടറി അനീഷ് രാജ് നൽകിയ മൊഴിയില്‍ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വിരലടയാള വിദ്ഗധരെത്തി തെളിവ് ശേഖരിച്ചു. അഡീഷണൽ എസ്പി ആർ പ്രദീപ് കുമാർ, ഡിവൈഎസ്പി ആർ ജയരാജ്, ഇൻസ്പെക്ടർ കെ ശ്രീകുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു, ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ് എന്നിവർ ഓഫീസ് സന്ദർശിച്ചു.

ആർഎസ്എസ് പ്രവർത്തകന്‍ ചുരക്കോട് ബദാംമുക്ക് കല്ലുവിളയിൽ അനന്തുവുമായുള്ള വ്യക്തിപരമായ പ്രശ്നം തീര്‍ക്കാന്‍ തിങ്കളാഴ്ച ശ്രമിക്കുന്നതിനിടെയാണ് ആക്രമം. പ്രശ്നം പറഞ്ഞു തീർക്കാനെന്ന് പറഞ്ഞ അനന്തു വീട്ടിലേക്ക് വിളിച്ച് വരുത്തിയവരെ അവിടെയുണ്ടായിരുന്ന ആർഎസ്എസ് ശാഖാ ശിക്ഷക് മണ്ണടി നിലമേൽ പാറയിൽ അയ്യപ്പൻ മർദിച്ചു.

തുടർന്നുണ്ടായ സംഘർഷത്തിൽ അയ്യപ്പന് മർദനമേറ്റു. ഇതിനെ ഒരു വിഭാഗം ആർഎസ്എസുകാർ രാഷ്ടീയവൽക്കരിച്ചാണ് സിപിഐ എം ഓഫീസ് ആക്രമിച്ചത്. വ്യക്തികൾ തമ്മിലുണ്ടായ പ്രശ്നത്തെ രാഷ്ട്രീയവൽക്കരിച്ച് കലാപം ഉണ്ടാക്കാനുള്ള ആർഎസ്എസ് നീക്കത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്