മാവേലിക്കര കണ്ടിയൂരില്‍ യുവാവിന്റെ മരണത്തിനിടയാക്കി കത്തിനശിച്ച കാറിനു സാങ്കേതികത്തകരാര്‍ ഇല്ലായിരുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. ഫ്യൂസ് യൂണിറ്റിലോ ബാറ്ററി ടെര്‍മിനലിലോ തകരാറില്ല. കാറിനകത്തുനിന്നു തീ പടര്‍ന്നുവെന്നാണു പ്രാഥമികനിഗമനം. തിങ്കളാഴ്ച പുലര്‍ച്ചേ പന്ത്രണ്ടരയോടെ കണ്ടിയൂര്‍ അമ്പലമുക്കിനു സമീപമായിരുന്നു സംഭവം.
മാവേലിക്കര ഗവ. ഗേള്‍സ് സ്‌കൂളിനു സമീപം കംപ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് (കണ്ണന്‍ -35) ആണു മരിച്ചത്. കൃഷ്ണപ്രകാശും സഹോദരന്‍ ശിവപ്രകാശും വാടകയ്ക്കു താമസിക്കുന്ന ‘ജ്യോതി’യെന്ന വീടിനു മുന്നിലായിരുന്നു സംഭവം. കംപ്യൂട്ടര്‍ സര്‍വീസിങ്ങിനുശേഷം പന്തളത്തുനിന്നു തിരിച്ചെത്തി റോഡില്‍നിന്നു മുറ്റത്തേക്കു കയറവേ കാറിനു തീ പിടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ശിവപ്രകാശ് തീയണയ്ക്കാനും ഡോര്‍ തുറക്കാനും ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
സ്റ്റേഷന്‍ ഓഫീസര്‍ താഹയുടെ നേതൃത്വത്തില്‍ മാവേലിക്കര അഗ്‌നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും കാറിനകത്തു കത്തിക്കരിഞ്ഞനിലയില്‍ കൃഷ്ണപ്രകാശിന്റെ മൃതദേഹമാണു കണ്ടത്. അരകിലോമീറ്റര്‍ അകലെവരെ സ്‌ഫോടനശബ്ദം കേട്ടു. ഇതിനു കാരണമായ വസ്തു എന്തെന്നു വ്യക്തമായിട്ടില്ല.മാവേലിക്കര പോലീസാണ് അന്വേഷിക്കുന്നത്.
പരിശോധനയില്‍ സിഗരറ്റ് ലൈറ്ററിന്റെയും ഇന്‍ഹേലറിന്റെയും അവശിഷ്ടം ലഭിച്ചു. സീറ്റ് ബെല്‍റ്റും ഹാന്‍ഡ്‌ബ്രേക്കും ഇട്ട നിലയിലായിരുന്നു. ആലപ്പുഴയില്‍നിന്ന് സയന്റിഫിക് ഓഫീസര്‍ ഡോ. ചിഞ്ചു, വിരലടയാള വിദഗ്ധരായ അപ്പുക്കുട്ടന്‍, നിമിഷ, പോലീസ് ഫോട്ടോഗ്രാഫര്‍ ചന്ദ്രദാസ് എന്നിവരടങ്ങുന്ന സംഘം തെളിവു ശേഖരിച്ചു. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചാലേ അന്തിമ നിഗമനത്തിലെത്താന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു.