പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നല്‍കിയില്ല; തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു

0
92

പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ല എന്നാരോപിച്ച് ഹോട്ടല്‍ ജീവനക്കാരനായ അതിഥി തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. കോട്ടയം ചങ്ങനാശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം നടന്നത്. പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.

ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കുന്നതിനായി എത്തിയ മൂന്നംഗ സംഘം പൊറോട്ട ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, പൊറോട്ട കൊണ്ടുവച്ചതിന് പിന്നാലെ പൊറോട്ടയ്‌ക്കൊപ്പം കറി സൗജന്യമായി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സംഘം സപ്ലൈയറെ ആക്രമിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തില്‍ തൊഴിലാളിയുടെ തലയ്ക്ക് സാരമായ പരുക്കേറ്റു.