Wednesday
17 December 2025
26.8 C
Kerala
HomeKeralaനടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന് തിരിച്ചടി, വിചാരണയ്‌ക്ക് കൂടുതൽ സമയം അനുവദിച്ച് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന് തിരിച്ചടി, വിചാരണയ്‌ക്ക് കൂടുതൽ സമയം അനുവദിച്ച് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതൽ സമയം അനുവദിച്ച് സുപ്രീംകോടതി. വിചാരണ കോടതിയുടെ ആവശ്യം അനുസരിച്ചാണ് സമയം നീട്ടി നൽകിയത്. 2024 മാർച്ച്‌ 31 വരെയാണ് വിചാരണ സമയം നീട്ടി നൽകിയത്. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യപ്രകാരമാണ് എട്ടു മാസം കൂടി അനുവദിച്ചത്. സുപ്രീംകോടതി നേരത്തെ നൽകിയ സമയം ജൂലൈ 31 ന് അവസാനിച്ചിരുന്നു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വിചാരണയ്‌ക്ക് കൂടുതൽ സമയം അനുവദിച്ച് ഉത്തരവിട്ടത്.

കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് നടൻ ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നാണ് ദിലീപിന്റെ വാദം. ദീലിപീന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വിചാരണ അനന്തമാക്കി നീട്ടികൊണ്ടുപോകാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുന്നുവെന്ന് കോടതിയില്‍ അറിയിച്ചു. എന്നാല്‍ വിചാരണയ്ക്ക് സമയക്രമം നിശ്ചയിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് അനിരുദ്ധബോസ് അറിയിച്ചു.

സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം മൂന്ന് മാസവും അഭിഭാഷകരുടെ വാദം പൂര്‍ത്തിയാക്കാനും മറ്റ് നടപടികള്‍ക്കുമായി അഞ്ച് മാസവും വേണ്ടി വരുമെന്നാണ് വിചാരണ കോടതി ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് കത്ത് നല്‍കിയത്. ജൂലായ് 31 നുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് റിപ്പോർട്ട് നൽകിയിരുന്നു. സാക്ഷി വിസ്താരം പൂർത്തിയാക്കാൻ മാത്രം 3 മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം കൂടി ബാക്കിയുണ്ടെന്നും ജഡ്ജി കോടതിയെ അറിയിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments