നാമജപയാത്രക്ക് പിന്നാലെ ആർഎസ്‌എസ്‌ നേതാക്കൾ എൻഎസ്‌എസ്‌ ആസ്ഥാനത്ത്‌; സുകുമാരന്‍ നായരുമായി കൂടിക്കാഴ്‌ച നടത്തി

0
132

ചങ്ങനാശേരി: ശാസ്ത്രം-മിത്ത് പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ നടത്തിയ എൻഎസ്എസ് നാമജപ-വിശ്വാസ സംരക്ഷണ ജാഥക്ക് പിന്നാലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി ആർഎസ്‌എസ്‌, വിശ്വഹിന്ദു പരിഷത്ത്‌ നേതാക്കൾ. ആർഎസ്‌എസ്‌ സംസ്ഥാന പ്രചാരക്‌ എസ്‌ സേതുമാധവൻ, വിഎച്ച്‌പി സംസ്ഥാന പ്രസിഡന്റ്‌ വിജി തമ്പി, അയ്യപ്പസമാജം കോ-ഓർഡിനേറ്റർ എസ്‌ ജെ ആർ കുമാർ എന്നിവരാണ്‌ വ്യാഴാഴ്‌ച പെരുന്നയിലെ ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ടത്‌.

മുക്കാൽ മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയിൽ വിശ്വാസ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നാണ് സൂചന. ശബരിമല വിഷയ സമയത്ത് ബിജെപി ഉയർത്തിക്കൊണ്ടുവന്ന രീതിയിൽ കേരളത്തിൽ സമരം നടത്താനുള്ള നീക്കം ആർഎസ്എസിന്റെ ഒത്താശയോടെ എൻഎസ്എസ് ആലോചിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വിഷയം ഏറ്റെടുത്തിരിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ക്ക് പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് ആര്‍എസ്എസ്, വിഎച്ച്പി നേതാക്കള്‍ എത്തിയത്.

സാധാരണഗതിയിൽ ആർഎസ്‌എസ്‌ നേതാക്കൾക്ക്‌ സന്ദർശനാനുമതി കൊടുക്കുന്ന പതിവ്‌ എൻഎസ്‌എസ്‌ ആസ്ഥാനത്തുണ്ടായിരുന്നില്ല. ഇത്‌ ലംഘിച്ചാണ്‌ നേതാക്കൾക്ക്‌ അനുമതി നൽകിയതും സ്വീകരിച്ചാനയിച്ചതും. ഹിന്ദുവിനേക്കാൾ അഭിമാനകരം നായരായി ജീവിക്കുന്നതാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നേരത്തെ പറഞ്ഞിരുന്നു. താൻ 18 വർഷം ആർഎസിസിന്റെ ദണ്ഡ് പിടിച്ച് നടന്നവനാണെന്നും അന്ന് താൻ വെറും ഹിന്ദു മാത്രമായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു. തനിക്ക് അഭിമാനപൂർവം നിൽക്കാൻ കഴിയുന്ന സ്ഥലം എൻഎസ്എസ് ആണെന്ന് ബോധ്യപ്പെട്ടുവെന്നും സുകുമാരൻ നായർ തുറന്നുപറഞ്ഞിരുന്നു. ഇതിനുശേഷമാണ് സംഘപരിവാർ നേതാക്കൾ എസ് എസ് എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയത്. അതീവ രഹസ്യമായി കൂടിക്കാഴ്ച നടത്താനാണ് ആദ്യത്തെ ധാരണയുണ്ടായിരുന്നതെന്നാണ് സൂചന.

എൻഎസ്എസിനെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വ്യാഴാഴ്ച പരസ്യമായി രംഗത്തുവന്നിരുന്നു. ശബരിമല പ്രക്ഷേഭത്തിന് സമാനമായ രീതിയിലാണ് ഇപ്പോൾ സർക്കാരിന്റെ സമീപനം. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ എൻഎസ്എസ് ഒറ്റയ്‌ക്കല്ലെന്ന കാര്യം സർക്കാർ മറക്കരുതെന്നും വരും ദിവസങ്ങളിലും സമാന രീതിയിൽ പ്രതിഷേധമുണ്ടാകുമെന്നും സുരേന്ദ്രൻ ഭീഷണി മുഴക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആർഎസ്എസ് നേതാക്കൾ പെരുന്നയിലെത്തി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയത്.