പ്രമുഖ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ എറണാകുളത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച.
സേതുരാമയ്യർ സിബിഐ, കിഴക്കൻ പത്രോസ്, ദേ ഇങ്ങോട്ട് നോക്കിയേ തുടങ്ങി നിരവധി സിനിമകളിലൂടെയും സാന്ത്വനം, മിന്നുകെട്ട്, മനസ്സറിയാതെ, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു. ഗുരുതര കരൾ, ഹൃദയ പ്രമേഹ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. സാന്ത്വനം’ സീരിയലിലും ഒരുതമിഴ് സീരിയലിലും അഭിനയിച്ചുകൊണ്ടിരിക്കെയാണ് ആരോഗ്യസ്ഥിതി വഷളായത്. പിന്നീട് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്നു.
1977ൽ പുറത്തിറങ്ങിയ ‘സംഗമം’ ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തെത്തിയ ഇദ്ദേഹം ‘ഒരുതലൈ രാഗം’ തമിഴ്ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. 1985ൽ ‘ഇതുനല്ല തമാശ’ ചിത്രം സംവിധാനം ചെയ്തു. കുറെ വർഷങ്ങളായി സീരിയൽ രംഗത്തായിരുന്നു സജീവം.