‘ശാസ്ത്രത്തിനു പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു’; ഷംസീറിന്റെ പ്രസം​ഗത്തിന്റെ പൂർണ രൂപം

0
146

തിരുവനന്തപുരം: ശാസ്ത്രബോധം വളർത്തണമെന്നും മിത്തുകളെ പ്രോത്സാഹിപ്പിക്കരുതെന്നും പ്രസം​ഗിച്ചതിന്റെ പേരിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ സംയുക്ത വിദ്വേഷ പ്രചാരണവുമായി ആർഎസ്എസും എൻഎസ്എസും. ലോകത്ത് ആദ്യമായി പ്ലാസ്റ്റിക് സർജറി നടത്തിയത് ​ഗണപതിക്കാണെന്ന രീതിയിലുള്ള ഹിന്ദുത്വ വ്യാഖ്യാനങ്ങൾക്കു പകരം വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്ര ചിന്താ​ഗതി പ്രോത്സാഹിപ്പിക്കണമെന്നുള്ള ഷംസീറിന്റെ പ്രസം​ഗമാണ് വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന രീതിയിൽ സംഘപരിവാറും എൻഎസ്എസും ദുർവ്യാഖ്യാനിച്ചിരിക്കുന്നത്.

ഷംസീറിനെതിരെ സംഘപരിവാർ തുടങ്ങിവെച്ച വിദ്വേഷ പ്രചാരണം എൻഎസ്എസ് ഏറ്റെടുത്തെങ്കിലും എസ്എൻഡിപിക്ക് വിരുദ്ധാഭിപ്രായമാണുള്ളത്. എന്നാൽ എൻഎസ്എസിനെയും സംഘപരിവാറിനെയും പിന്തുണയ്ക്കുന്ന നിലപാടാണ് കോൺ​ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

ഷംസീറിന്റെ പ്രസം​ഗം ഇങ്ങനെ- ” നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സയന്‍സിനെ പ്രൊമോട്ട് ചെയ്യണം. സയന്‍സിനെ പ്രൊമോട്ട് ചെയ്യണമെന്ന് പറയാന്‍ കാരണമെന്താ? ഇന്ന് കാണുന്ന എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരം സയന്‍സിനെ പ്രൊമോട്ട് ചെയ്യല്‍ മാത്രമാണ്. എന്തൊക്കെയാണ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിമാനം കണ്ടു പിടിച്ചതാരാണ്, എന്റെ കാലത്ത് ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നായിരുന്നു. ഇപ്പൊ റൈറ്റ് ബ്രദേഴ്‌സ് അല്ല. അത് തെറ്റാണ്, വിമാനം കണ്ടുപിടിച്ചത് ഹിന്ദുത്വ കാലത്താണ്, ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്. ടെക്‌നോജി നിങ്ങള്‍ ആലോചിക്കണം. ശാസ്ത്രസാങ്കേതികരംഗം വികാസം പ്രാപിക്കുന്നുവെന്ന് മാത്രമല്ല, സയന്‍സിനെ മിത്തുകള്‍ കൊണ്ട് റീപ്ലേസ് ചെയ്യുന്നു. പാഠപുസ്തകത്തിനകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ്, വിമാനം കണ്ടുപിടിച്ചതാര് എന്ന ചോദ്യത്തിന് റൈറ്റ് ബ്രദേഴ്‌സ് എന്ന് ഉത്തരമെഴുതിയാല്‍ തെറ്റാകുന്നതും ഹിന്ദുത്വ കാലം എന്നെഴുതിയാല്‍ ശരിയാകുന്നതും.

ഇന്‍ഫെര്‍ട്ടിലിറ്റി ചികിത്സയുടെ പ്രത്യേകത ചിലപ്പോള്‍ ട്വിന്‍സ് ഉണ്ടാകും, ചിലപ്പോള്‍ ട്രിപ്ള്‍സ് ഉണ്ടാകും. അത് അതിന്റെ പ്രത്യേകതയാണ്. അപ്പോള്‍ അവര്‍ പറയുന്നു ഇത് നേരത്തെ ഉള്ളതാ. ഇതൊന്നും ഇപ്പോള്‍ ഉണ്ടായതല്ല. അതാണ് കൗരവപ്പട. കൗരവപ്പടയുണ്ടായത് ഈ ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു.

പിന്നെ മെഡിക്കല്‍സയന്‍സ് കൂടുതല്‍ കൂടുതല്‍ മൈക്രോ ആയി. സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി ആയി. പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ ചിലര്‍ക്ക് പരുക്ക് പറ്റിക്കൊണ്ട് വന്നാല്‍, ചില പെണ്‍കുട്ടികളുടെ മുഖത്തൊക്കെ, ഡോക്ടര്‍മാര്‍ ചോദിക്കും, അല്ല നോര്‍മല്‍ സ്റ്റിച്ചിങ് വേണോ പ്ലാസ്റ്റിക് സ്റ്റിച്ചിങ്് വേണോ? കാരണം മുഖത്ത് കല വന്നാല്‍ അത് അവിടെ തന്നെ നില്‍ക്കുമല്ലോ. പ്രത്യേകിച്ച് സൗന്ദര്യത്തെ ബാധിക്കുന്ന, സൗന്ദര്യത്തെക്കുറിച്ച് കോണ്‍ഷ്യസ് ആകുന്ന ഒരു തലമുറയോട് സ്വാഭാവികമായും ചോദിക്കും, നിങ്ങള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നോ?

പ്ലാസ്റ്റിക് സര്‍ജറി മെഡിക്കല്‍ സയന്‍സില്‍ ഒരു പുതിയ കണ്ടുപിടിത്തമാണ്. ഇവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് പ്ലാസ്റ്റിക് സര്‍ജറി നേരത്തെ, ഹിന്ദുത്വ കാലത്തേയുള്ളതാണ്. ഹു വാസ് ദി ഫസ്റ്റ് പ്ലാസ്റ്റിക് സര്‍ജറി ബേബി, മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണ്. ഇങ്ങനെയുള്ള സയന്‍സിന്റെ സ്ഥാനത്ത് ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ സയന്‍സിനെ നമുക്ക് പ്രൊമോട്ട് ചെയ്യാന്‍ സാധിക്കണം. സെക്കുലര്‍ വിദ്യാഭ്യാസത്തിനായിരിക്കണം നമ്മുടെ ഊന്നല്‍.”