Wednesday
17 December 2025
30.8 C
Kerala
HomeKeralaഷംസീറിന്റെ പേരിൽ ശത്രു സംഹാര പൂജ നടത്തി കരയോഗം പ്രസിഡന്റ്; സുകുമാരൻ നായർക്ക് എൻഎസ്എസിൽ നിന്നും...

ഷംസീറിന്റെ പേരിൽ ശത്രു സംഹാര പൂജ നടത്തി കരയോഗം പ്രസിഡന്റ്; സുകുമാരൻ നായർക്ക് എൻഎസ്എസിൽ നിന്നും തിരിച്ചടി

കൊല്ലം: ശാസ്ത്രം-മിത്ത് പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ എൻഎസ്എസ് നാമജപ സംഗമം നടത്തുന്നതിനിടെ, ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് എൻഎസ്എസിൽ നിന്നുതന്നെ തിരിച്ചടി. സ്പീക്കർക്കെതിരെ ബുധനാഴ്ച പ്രതിഷേധം ആരംഭിക്കാനിരിക്കെ എ എൻ ഷംസീറിന്റെ പേരിൽ എൻഎസ്എസ് കരയോഗം പ്രസിഡന്റ് ശത്രുസംഹാര പൂജ നടത്തി. കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗം പ്രസിഡന്റ് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലായിരുന്നു (മണികണ്ഠേശ്വരം മഹാദേവ ക്ഷേത്രം) ശത്രു സംഹാരാർച്ചന.

എ എൻ ഷംസീർ, ആയില്യം നക്ഷത്രം എന്ന പേരിലായിരുന്നു ശത്രുസംഹാരാർച്ചന. ബുധനാഴ്ച രാവിലെയാണ് വഴിപാട് ചീട്ടാക്കിയത്. ബി 124169 നമ്പറിലാണ് രസീത്. ഗണപതി പ്രതിഷ്ഠ മുമ്പാകെയാണ് ശത്രുസംഹാര അർച്ചന നടത്തിയതെന്ന പ്രത്യേകതയും ഇതിനുണ്ട്. എൻഎസ്എസ് പ്രവർത്തകർ തൊട്ടടുത്തുള്ള ​ഗണപതി ക്ഷേത്രങ്ങളിൽ എത്തി വഴിപാടുകൾ നടത്തി വിശ്വാസസംരക്ഷണ ദിനത്തിൽ പങ്കാളിയാകണമെന്ന് താലൂക്ക് യൂണിയൻ പ്രസിഡന്റുമാർക്കയച്ച കത്തിൽ സുകുമാരൻ നായർ ആവശ്യപ്പെട്ടിരുന്നു. പ്രവർത്തകർ കൂട്ട വഴിപാട് നടത്തണമെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അസുരമംഗലം 2128 നമ്പർ കരയോഗം പ്രസിഡന്റ് അഞ്ചൽ ജോബ് വഴിപാട് നടത്തിയത്.

സമുദായത്തെയും രാഷ്ട്രീയത്തെയും തമ്മിൽ കൂട്ടിക്കുഴക്കുന്നതിനോട് താല്പര്യമോ യോജിപ്പോ ഇല്ലെന്ന് അഞ്ചൽ ജോബ് പറഞ്ഞു. ബിജെപിയോട് ചേർന്നുനിന്ന് രഹസ്യമായി പ്രവർത്തിക്കാനുള്ള ജി സുകുമാരൻ നായരുടെ പുതിയ നീക്കത്തിൽ എൻഎസ്എസിനുള്ളിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഭൂരിഭാഗം എൻഎസ്എസ് പ്രവർത്തകർക്കും നീരസവുമുണ്ട്. ഇതിനിടയിലാണ് ഷംസീറിന്റെ പേരിൽ ശത്രു സംഹാര പൂജ നടത്തി കരയോഗം പ്രസിഡന്റ് തന്നെ തന്റെ അസംതൃപ്തി പരസ്യമായി വെളിപ്പെടുത്തിയത്.

വിഷയത്തിൽ ആർ എസ് എസിനും ബിജെപിക്കും ഒപ്പം നിൽക്കുമെന്നാണ് സുകുമാരൻ നായർ ഏറ്റവുമൊടുവിൽ പ്രതികരിച്ചിട്ടുള്ളത്. ബിജെപി മാത്രമാണ് നല്ല സമീപനം എടുത്തതെന്നും അതുകൊണ്ടുതന്നെ ശബരിമല പ്രക്ഷോഭത്തിന് സാമാനമായി സമരം സംഘടിപ്പിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞിട്ടുണ്ട്. ഇതിലാണ് ബഹുഭൂരിഭാഗം പ്രവർത്തകർക്കും കടുത്ത അമർഷമുള്ളത്. വിശ്വാസവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

 

RELATED ARTICLES

Most Popular

Recent Comments