ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടതില്ലെന്ന നിലപാടിൽ ബിജെപി ദേശീയ നേതൃത്വം. നിലവിൽ ഏക സിവിൽ കോഡിനെതിരെ രാജ്യമൊട്ടുക്ക് ഉയരുന്ന പ്രതിഷേധത്തിന്റെ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് “ഇന്ത്യൻ എക്സ്പ്രസ്” റിപ്പോർട്ട് ചെയ്തു.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും അടുത്തതോടെ ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാൻ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചത്. എന്നാൽ, ബിജെപി സ്വാധീന സംസ്ഥാനങ്ങളിലും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും കടുത്ത പ്രതിഷേധം ഉയർന്നതോടെ നിലപാടിൽ നിന്നും ബിജെപി പിന്നോക്കം പോകുകയായിരുന്നു. തല്ക്കാലം ഏകസിവില്കോഡ് നടപ്പാക്കേണ്ടയെന്ന് ബിജെപി ദേശീയ നേതൃത്വം ധാരണയിലെത്തിയെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ വിഷയം സജീവമായി നിലനിര്‍ത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. വിഷയം സങ്കീര്‍ണമാണെന്നും കൂടുതല്‍ പഠനം ആവശ്യമാണെന്നും നേതൃത്വം വിലയിരുത്തുന്നു.
നിലവിലെ സാഹചര്യത്തിൽ പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ മുന്നോട്ട് പോയാൽ അത് പൊതുതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്കോ, ഒരുവേള പരാജയത്തിലേക്കോ നയിച്ചേക്കാമെന്ന് ദേശീയ നേതൃത്വം വിലയിരുത്തി. അതേസമയം, ചില സംസ്ഥാനങ്ങളിൽ നിയമം പതിയെപ്പതിയെ നടപ്പാക്കാനുള്ള ചരടുവലികളും ബിജെപി ആരംഭിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ നിയമത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടനെ തന്നെ നിയമമായി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.