Wednesday
17 December 2025
26.8 C
Kerala
HomeKeralaതാനൂര്‍ ബോട്ട് അപകടം; കുറ്റപത്രം സമർപ്പിച്ചു, സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 12 പ്രതികള്‍

താനൂര്‍ ബോട്ട് അപകടം; കുറ്റപത്രം സമർപ്പിച്ചു, സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 12 പ്രതികള്‍

22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ട് അപകടക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. താനൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ തിങ്കളാഴ്ച കുറ്റപത്രം നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 12 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം.

ബോട്ടിന്റെ ഉടമസ്ഥനായ നാസര്‍, ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ പ്രസാദ് എന്നിവരടക്കം 12 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരായ പ്രതികള്‍ക്കെതിരേ സര്‍ക്കാരില്‍നിന്ന് പ്രോസിക്യൂഷന്‍ അനുമതി വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

865 ഡോക്യുമെന്റുകളും തൊണ്ടിമുതലുകളും 386 സാക്ഷിമൊഴികളുമടക്കം 13,186 പേജുകളുള്ളതാണ് കുറ്റപത്രം. അപകടം നടന്ന് 85 ദിവസങ്ങള്‍ക്കുള്ളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോട്ടുടമസ്ഥന്‍ നാസര്‍ അടക്കമുള്ളവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന് നോര്‍ത്ത് സോണ്‍ ഐ ജി നീരജ്കുമാര്‍ ഗുപ്ത അന്തിമ അംഗീകാരം നല്‍കി. ഇന്‍സ്‌പെക്ടര്‍മാരായ ജീവന്‍ ജോര്‍ജ്, കെ ജെ ജിനേഷ്, അബ്ബാസലി, എം ജെ ജിജോ, സുരേഷ് നായര്‍, സബ് ഇന്‍സ്‌പെക്ടര്‍ പി ജെ ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന 21 അംഗങ്ങള്‍ക്കായിരുന്നു അന്വേഷണച്ചുമതല.

RELATED ARTICLES

Most Popular

Recent Comments