പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കള്ള് കൊടുത്തു; ആൺസുഹൃത്തും ഷാപ്പ് മാനേജരും അറസ്റ്റിൽ, ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി

0
94

പതിനഞ്ചുകാരിക്ക് ഷാപ്പിനകത്തുവെച്ച് കള്ള് നൽകിയ സംഭവത്തിൽ ഷാപ്പിന്റെ ലൈസൻസ് എക്സൈസ് റദ്ദാക്കി. എക്സൈസ് കമ്മീഷണറാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. തൃശൂർ വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. അബ്കാരി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പറവൂർ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്. ഇതിനുപുറമെ, തമ്പാൻകടവ് ഷാപ്പ് നടത്തുന്ന ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആറ് ഷാപ്പുകൾക്ക് കൂടി എക്സൈസ് നോട്ടീസ് നൽകി.

ജൂലൈ രണ്ടാം തിയതി ആൺ സുഹൃത്തിനൊപ്പമെത്തിയ 15 കാരി ഷാപ്പിൽ കയറി മദ്യപിച്ചിരുന്നു. പിന്നീട് സ്നേഹതീരം ബീച്ചിൽ പൊലീസ് പരിശോധനയിൽ പിടിയിലാവുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഷാപ്പിൽ വെച്ച് കള്ള് കുടിച്ച വിവരം പുറത്തുവന്നത്.

പെണ്‍കുട്ടി മദ്യപിച്ച സംഭവത്തിൽ തൊട്ടടുത്ത ദിവസം ഷാപ്പ് മാനേജരെയും ആണ്സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാപ്പ് മാനേജർ ബിനോജ്, നന്തിക്കര സ്വദേശി സുബ്രഹ്മണി എന്നിവരെയാണ് അറസ്റ്റ് ചെയ്ത ജയിലിലടച്ചിരുന്നു. വിഷാദ അന്വേഷണം നടത്തി പൊലീസ് എക്‌സൈസിന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ലൈസൻസ് റദ്ദാക്കിയത്. അതേസമയം, ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആറ് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ വിശദീകരണം നൽകാനും എക്സൈസ് നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കുട്ടനാട്ടിലെ മീനപ്പള്ളി ഷാപ്പിൽ കുട്ടികൾക്കൊപ്പം കുടുംബം എത്തി കള്ള് കുടിച്ച സംഭവത്തിലും ഷാപ്പുടമയടക്കം മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂരിൽ നിന്നുള്ള കുടുംബമാണ് അന്ന് കുട്ടികൾക്കൊപ്പം ഷാപ്പിലെത്തി കള്ള് കുടിച്ചത്. ഈ ഷാപ്പിന്റെ ലൈസൻസും എക്സൈസ് റദ്ദാക്കിയിരുന്നു.

 

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)