അസ്ഫാഖ് അഞ്ചുവയസുകാരിയെ കൊന്നത് സ്വബോധത്തോടെ; കുട്ടി നേരിട്ടത് ക്രൂര പീഡനം, റിമാൻഡ് റിപ്പോർട്ട് പുറത്ത്

0
117

ആലുവയില്‍ അഞ്ചുവയസുകാരിയെ കൊല്ലുമ്പോൾ പ്രതി അസ്ഫാഖ് മദ്യലഹരിയില്‍ ആയിരുന്നില്ലെന്നും സ്വബോധത്തിലായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ട്. കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെയെന്നും ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അസ്ഫാഖ് ആലം കുട്ടിയെ ഉപദ്രവിക്കുന്നതിനിടെ കുട്ടി നിലവിളിക്കുകയും ഈ സമയത്ത് വായ മൂടിപ്പിടിക്കുകയും ചെയ്‌തു. കുഞ്ഞിന്റെ തന്നെ മേല്‍വസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും അബോധാവസ്ഥയിലായപ്പോള്‍ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ആളാണ് പ്രതി അസ്ഫാഖെന്നും ജാമ്യം ലഭിച്ചാല്‍ ഇയാള്‍ ഒളിവില്‍ പോകാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിലും പ്രതി സമാന കുറ്റകൃത്യങ്ങള്‍ നടത്തിയോ എന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ഞായറാഴ്ച രാവിലെ ആലുവ അഡീഷണൽ മജിസ്‌ട്രേറ്റ് ലതികയുടെ വീട്ടിലാണ് അസ്ഫാഖിനെ ഹാജരാക്കിയത്. റിമാൻഡ് ചെയ്ത പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി.

അറസ്റ്റിലായ അസ്ഫാക്ക് ആലം ലഹരിയ്‌ക്ക് അടിമയാണെന്നും കൊടും കുറ്റവാളിയാണെന്നും ഇയാളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. ഇത്തരമൊരു കൊലപാതകം ആദ്യമായിട്ടാണോ, സമാന കൃത്യത്തിൽ ഇയാൾ മുൻപ് ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പരിശോധന നടത്താനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി തുടരന്വേഷണത്തിനായി അന്വേഷണ സംഘം ബിഹാറിലേക്ക് പോകും. ബീഹാറിലെ ഗോപാല്‍ഗഞ്ചിലാണ് പ്രതിയുടെ വീട്. ഇവിടെയും ഇതിനുമുമ്പ് ഇയാൾ ഉണ്ടായിരുന്ന ഇടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തും.

വിശദ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ്‌ ഏഴ്‌ ദിവസത്തെ കസ്‌റ്റഡി അപേക്ഷ നൽകും. കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പോക്സോ കോടതി പരിഗണിക്കും. പ്രതിയെ നാളെ തന്നെ കസ്റ്റഡിയിൽ വാങ്ങി തുടർ ചോദ്യം ചെയ്യലിനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. തട്ടിക്കൊണ്ടുപോയ താമസസ്ഥലം, കൊലപാതകം നടത്തിയ ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ ഇടം എന്നിവിടങ്ങളിലേക്കും തെളിവെടുപ്പ് നടത്തുക. ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും കുറ്റകൃത്യത്തിൽ പങ്കാളിയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അസ്ഫാഖിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കു പുറമേ ‘പോക്സോ’ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. ബലാത്സംഗം അടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. U/s 364, 367,377, 376 AB, 376 A, 302 ipc , & 4 (2) r/w 3 (a), 6 r/w 5 m , 5 (j) (iv) pocso Act എന്നിങ്ങനെയാണ് വകുപ്പുകൾ.

ആലുവ തായിക്കാട്ടുകരയിൽ എട്ടുവർഷമായി താമസിക്കുന്ന ബിഹാറി ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമത്തെ കുട്ടിയെയാണ് അസ്ഫാഖ് തട്ടിക്കൊണ്ടുപോയി കൊന്നത്. കുട്ടിയുടെ മൃതദേഹം കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. കുട്ടി പഠിച്ച തായ്ക്കാട്ടുകര സ്കൂളിൽ രാവിലെ പൊതുദർശനത്തിനു വെച്ച ശേഷമായിരുന്നു സംസ്കാരം. നാട്ടുകാരും സഹപാഠികളും അധ്യാപകരും അടക്കം നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.