അഞ്ചു വയസുകാരിയുടെ കൊലപാതകം; ബലാത്സംഗം ഉൾപ്പെടെ ഒമ്പത്‌ വകുപ്പുകൾ, അസ്ഫാഖിനെ 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു

0
118

ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാഖിനെ ആലുവ അഡീഷണൽ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയശേഷം ആലുവ അഡീഷണൽ മജിസ്‌ട്രേറ്റ് ലതികയുടെ വീട്ടിലാണ് അസ്ഫാഖിനെ ഹാജരാക്കിയത്. 11 മണിയോടെയാണ് മജിസ്‌ട്രേറ്റിന് മുമ്പിലെത്തിച്ചത്. റിമാൻഡ് ചെയ്ത പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി.

അസ്ഫാഖിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കു പുറമേ ‘പോക്സോ’ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. ബലാത്സംഗം അടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. U/s 364, 367,377, 376 AB, 376 A, 302 ipc , & 4 (2) r/w 3 (a), 6 r/w 5 m , 5 (j) (iv) pocso Act എന്നിങ്ങനെയാണ് വകുപ്പുകൾ. പോക്സോ ചുമത്തിയതിനാൽ പോക്സോ കോടതിയായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. വിശദ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ്‌ ഏഴ്‌ ദിവസത്തെ കസ്‌റ്റഡി അപേക്ഷ നൽകും. കസ്റ്റഡി അപേക്ഷ നാളെ പോക്സോ കോടതി പരിഗണിക്കും.

കൃത്യത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് നിഗമനം. കൃത്യം നടത്താൻ പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പൊലീസ് പരിശോധിച്ചു വരികയാണ്. പോസ്റ്റ്‌മോർട്ടത്തിൽ ലൈംഗീക പീഡനം സ്ഥിരീകരിച്ചതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ നിലപാട്. കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണങ്ങൾക്കായി പൊലീസ് ബിഹാറിലേക്കും പോകും. അസ്ഫാഖ് ഹാജരാക്കിയ രേഖകൾ അനുസരിച്ച് ഇയാളുടെ സ്വദേശം ബിഹാർ പരാരിയ എന്നാണുള്ളത്. ഇതനുസരിച്ചാണ് പൊലീസ് അന്വേഷണം ബിഹാറിലേക്കും വ്യാപിപ്പിക്കുന്നത്. അസ്ഫാക്കിന്റെ ക്രിമിനൽ പശ്ചാത്തലവും മേൽവിലാസം സംബന്ധിച്ച വിവരങ്ങളും അന്വേഷിക്കും. പ്രതി ബംഗ്ലാദേശിയാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ആലുവ തായിക്കാട്ടുകരയിൽ എട്ടുവർഷമായി താമസിക്കുന്ന ബിഹാറി ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമത്തെ കുട്ടിയാണ്‌ കൊല്ലപ്പെട്ടത്‌. വെള്ളി രാത്രി 7.10നാണ്‌ കുട്ടിയെ കാണാനില്ലെന്ന്‌ അമ്മ ആലുവ ഈസ്റ്റ്‌ പൊലീസിൽ പരാതി നൽകിയത്‌. അന്വേഷണത്തിൽ പ്രതി അസ്ഫാഖ് കുട്ടിയുമായി ഗ്യാരേജ് ബസ് സ്റ്റോപ്പിലേക്ക് പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചു. രാത്രി പത്തോടെ കസ്‌റ്റഡിയിലെടുത്തു. കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെ ആണെന്ന് അസ്ഫാഖ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം ആലുവ മാർക്കറ്റ് പരിസരത്ത് ചാക്കിലാക്കിയായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്.