ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പൊലീസ് വീഴ്ചയുണ്ടായോ ? മാധ്യമങ്ങളും പ്രതിപക്ഷവും പറയുന്നത് പച്ചക്കള്ളം, വസ്തുത ഇങ്ങനെ

0
158

ആലുവയിൽ ഒന്നാം ക്‌ളാസ് വിദ്യാർത്ഥിനിയെ കാണാതായ തങ്ങളുടെ മനോധർമങ്ങൾക്കനുസരിച്ചാണ് മാധ്യമങ്ങൾ വാർത്ത ചെയ്തത്. വസ്തുത എന്താണെന്ന് അന്വേഷിക്കാതെ കിട്ടുന്നത് മുഴുവൻ വാരിവലിച്ചുകൊടുക്കുന്ന ഒരുതരം വല്ലാത്ത റിപ്പോർട്ടിങ്. കേസ് അന്വേഷണവുമായി ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി പോലും വിവരങ്ങൾ ആരായാതെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ വാർത്തയാക്കുകയും അത് തങ്ങളുടെ മനോധർമ്മത്തിനു അനുസരിച്ച് കൊടുക്കുകയുമായിരുന്നു ആലുവയിലും കണ്ടത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വാർത്തയറിഞ്ഞ് കേരളമൊന്നാകെ ആ കുട്ടിയെ കണ്ടെത്തുന്നതിനുവേണ്ടി ഒരേ മനസോടെ രംഗത്തിറങ്ങി. ഒടുവിൽ ഏറെ ദുഃഖത്തോടെയാണ് ആ കുഞ്ഞിന്റെ കൊലപാതകവിവരം സംസ്ഥാനം കേട്ടത്. എന്നാൽ, മാധ്യമങ്ങൾ പൊലീസ് വീഴ്ചയാണ് ആവർത്തിച്ചത്. ഇത് ഏറ്റെടുത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തിറങ്ങി.

വസ്തുതകൾ ഇങ്ങനെ.

  • 28.7.2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട്മണിക്കും മൂന്നുമണിക്കും ഇടയ്ക്കാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതാകുന്നത്.
  • നീല ഷര്‍ട്ടും കാവി മുണ്ടും ധരിച്ച ഒരാള്‍ക്കൊപ്പമാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്.
  • കുട്ടിയുടെ കുടുംബം സന്ധ്യക്ക് 7 മണിവരെ തെരച്ചില്‍ നടത്തി.
  • തൊട്ടടുത്തുള്ള ഒരു ചിക്കൻ കടയുടമ ഒരാള്‍ക്കൊപ്പം കുട്ടിയെ കണ്ടതായി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കുടുംബത്തിന്‍റെ തെരച്ചില്‍.
  • സന്ധ്യക്ക് 7.10ന് പെണ്‍കുട്ടിയെ ആരോ തട്ടികൊണ്ട് പോയതായി കുട്ടിയുടെ ‘അമ്മ ആലുവ പൊലീസില്‍ പരാതി നല്‍കുന്നു.
  • 8.07 ന് കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി ഐപിസി 363 പ്രകാരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. (എഫ്ഐആര്‍ 720/23)
  • 7.30ന് തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. അതായത് പരാതി കിട്ടി 15 മിനുട്ടിനകം കുട്ടിയെ കണ്ടെത്താനായി പൊലീസ് തെരച്ചില്‍ തുടങ്ങി.
  • ചിക്കന്‍കട ഉടമയില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
  • കുട്ടിയുമായി പ്രതി ഏകദേശം 3.15 ഓടുകൂടി കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രചെയ്യുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.
  • അതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കുന്നിനിക്കര പഞ്ചായത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും കെഎസ്ആര്‍ടിസി ബസ്സ് കണ്ടെത്തുകയും കണ്ടക്ടറോട് വിവരങ്ങള്‍ ആരായുകയും ചെയ്തു.
  • പ്രതി കുട്ടിയുമായി സീമാസ് വെഡ്ഡിംഗ് കളക്ഷന്‍ ഷോപ്പില്‍ ഇറങ്ങിയതായി കണ്ടക്ടറില്‍ നിന്നും വിവരം ലഭിച്ചു.
  • കുട്ടിയുമായി പ്രതി മാര്‍ക്കറ്റിലേക്ക് കടക്കുന്ന ദൃശ്യങ്ങള്‍ മാര്‍ക്കറ്റിന് പുറത്ത് ഒരു കടയില്‍ നിന്നും ലഭിച്ചു.
  • കൂടാതെ മുനിസിപ്പാലിറ്റിയുടെ ക്യാമറകളില്‍ നിന്നും അനുബന്ധ ദൃശ്യങ്ങളും ശേഖരിച്ചു.
  • കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബീഹാറിലെ അരാരിയ ജില്ലയില്‍ നിന്നുള്ള അഷ്ഫാക്ക് അസ്ലം എന്നയാളാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്ന് വ്യക്തമായി.
  • രാത്രി 9.30 ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
  • കടുത്ത മദ്യലഹരിയിലായിരുന്ന ഇയാളെ ചോദ്യം ചെയ്യലിന് വിധേയനാക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല.
  • ആലുവ ഈസ്റ്റ് പൊലീസ് രാത്രി ഉടനീളം ചോദ്യം ചെയ്തതില്‍ നിന്നും കുട്ടിയെ സക്കീര്‍ എന്നയാള്‍ക്ക് വിറ്റു എന്ന് ഇയാള്‍ മൊഴി നല്‍കി.
  • ഇതിന്റെ അടിസ്ഥാനത്തിൽ മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു.
  • പൊലീസിനെ വഴിതെറ്റിക്കാന്‍ പ്രതി കാര്യങ്ങള്‍ മാറ്റിമാറ്റി പറയുന്നു.
  • രാത്രിയും പകലും ഒരുപോലെ മാറിമാറി അന്വേഷണം.
  • രാവിലെ 11 മണിയോടുകൂടി പ്രതി കുറ്റം സമ്മതിച്ചു.
  • കൊല്ലപ്പെട്ട കുട്ടിയേയും പ്രതിയേയും ആലുവ മാര്‍ക്കറ്റിന് സമീപം കണ്ടതായി ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി.
  • സംശയം തോന്നി ചോദിച്ചപ്പോള്‍ കുട്ടി തന്റെ മകളാണെന്നാണ് പറഞ്ഞതെന്നും ചുമട്ടുതൊഴിലാളി പറഞ്ഞതായി ഇതേ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
  • കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയും മൂന്ന് കല്ലുകള്‍ക്കടിയില്‍ മൃതദേഹം കുഴിച്ച് മൂടിയതായും പ്രതി പൊലീസിനോട് പറഞ്ഞു.
  • ഇന്ന് രാവിലെ 11.30ന് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കുട്ടിയുടെ മൃതദേഹം കണ്ടെത്തി ഉച്ചയ്ക്ക് 2 മണിയോടുകൂടി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് തുടര്‍ നടപടികള്‍ക്കായി മാറ്റുകയും ചെയ്തു.

വസ്തുതകൾ മറച്ചുവെച്ച് ഇല്ലാക്കഥകൾ ഉണ്ടാക്കി പൊലീസ് വീഴ്ച ആരോപിക്കുന്നതിനുപിന്നിൽ മറ്റു ചില ലക്ഷ്യങ്ങളാണ്. അടുത്തിടെ നാഗർകോവിലിൽ നിന്നും നാടോടികൾ തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ കണ്ടെത്തി രക്ഷിതാക്കൾക്ക് തിരിച്ചേൽപ്പിക്കാൻ കഴിഞ്ഞത് കേരള പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലും അന്വേഷണവും കൊണ്ടുതന്നെയാണ്. ഇതൊന്നും കാണാതെ, അല്ലെങ്കിൽ വാർത്തയാക്കാതെ മറച്ചുവെക്കുന്ന ഇതേ മാധ്യമങ്ങളാണ് വീഴ്ചയും കാര്യക്ഷമതയില്ലായ്മയും ആരോപിച്ച് മനോധർമ്മം അനുസരിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത കൊടുക്കുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം.