Wednesday
17 December 2025
30.8 C
Kerala
HomeKeralaആലുവയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചോദ്യം ചെയ്യലുമായി സഹകരിക്കാതെ പ്രതി; കുട്ടിയെ കണ്ടെത്താനായില്ല

ആലുവയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചോദ്യം ചെയ്യലുമായി സഹകരിക്കാതെ പ്രതി; കുട്ടിയെ കണ്ടെത്താനായില്ല

ആലുവയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. എന്നാൽ പ്രതി അസഫാക്ക് ആലം ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നു പോലീസ്. കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി വാങ്ങി നൽകിയെന്നും പിന്നീട് കുട്ടിയെ കണ്ടില്ലെന്നും പ്രതി മൊഴിനൽകി. പിന്നീടൊന്നും ഓർമ്മയില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പൊലീസ് മൊഴി വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്രതി പോയ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

ആലുവ കെഎസ്ആർടിസി ഗാരേജിന് സമീപത്തെ മുക്കാട്ട് പ്ലാസയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെയാണ് ഇന്നലെ വൈകിട്ട് 3.30 മുതൽ കാണാതായത്. മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകൾ ചാന്ദ്നി കുമാരിയെയാണ് വീടിനുമുകളിൽ താമസിക്കുന്ന ബീഹാർ സ്വദേശി തട്ടിക്കൊണ്ടുപോയതായി സംശയമുയർന്നത്‌. തായിക്കാട്ടുകര യുപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയാണ് ചാന്ദ്നി. അഫ്‌സാഖ് ആലമിനൊപ്പം പെൺകുട്ടി ഗാരേജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന്‌ ലഭിച്ചിരുന്നു. തുടർന്ന് ഇയാളെ വെള്ളി രാത്രി 11ന്‌ ആലുവ തോട്ടയ്ക്കാട്ടുകരയിൽ നിന്ന്‌ ആലുവ ഈസ്റ്റ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.

പൊലീസ്‌ രാത്രി വൈകിയും ഇയാളെ ചോദ്യം ചെയ്തു. എന്നാൽ, കുട്ടിയെ കണ്ടെത്താനായിട്ടില്ല. പ്രതി മദ്യലഹരിയാണെന്നാണ്‌ വിവരം. ബിഹാറുകാരായ ദമ്പതികൾ നാലുവർഷമായി ഇവിടെ താമസിക്കുകയാണ്‌. ഇവർക്ക് മൂന്ന് മക്കൾകൂടിയുണ്ട്. ഏറ്റവും ഇളയ കുട്ടിയെയാണ് കാണാതായത്. ദമ്പതികൾ താമസിക്കുന്ന വീടിന്റെ മുകൾ നിലയിൽ രണ്ടു ദിവസം മുമ്പാണ്‌ പ്രതി താമസത്തിനെത്തിയത്‌. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments