തമിഴ്‌നാട്ടിലെ നാഗർകോവിലിൽ നിന്നും നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു വന്ന രണ്ടുപേര്‍ തിരുവനന്തപുരത്ത് പിടിയില്‍. ചിറയന്‍കീഴ് വലിയകടയില്‍ താമസിക്കുന്ന നാടോടികളായ ശാന്തി, നാരായണന്‍ എന്നിവരെയാണ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച തട്ടിക്കൊണ്ടുവന്ന കുഞ്ഞിനെയാണ് കേരള പൊലീസിന്റെ സമർത്ഥമായ ഇടപെടലിലൂടെ കണ്ടെത്താനായത്. അറസ്റ്റിലായ ശാന്തിയെയും നാരായണനെയും തമിഴ്നാട് ക്രൈംബ്രാഞ്ചിന് കൈമാറി. ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഭിക്ഷാടനത്തിനാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതാണെന്നാണ് പൊലീസിന്റെ സംശയം.
നാലുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയാണ് ഇരുവരും തട്ടിക്കൊണ്ടുവന്നത്. നാഗർകോവിലിലെ വടശേരിയില്‍ നിന്നാണ് കുട്ടിയെ തട്ടിയെടുത്തത്. ബസ് സ്റ്റാൻഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന നാടോടി ദമ്പതികളുടെ നാലു മാസം പ്രായമായ കുഞ്ഞിനെയാണ് കഴിഞ്ഞ ഞായറാഴ്ച പ്രതികൾ തട്ടിയെടുത്തത്. ഏറനാട് എക്‌സ്പ്രസ് ട്രെയിനിലാണ് പ്രതികള്‍ കുട്ടിയുമായി കടന്നു കളഞ്ഞതെന്ന് തമിഴ്‌നാട് പൊലീസ് അറിയിപ്പ് കൊടുത്തിരുന്നു. തുടർന്ന് തമിഴ്‌നാട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഭിക്ഷാടനത്തിനാണ് കുട്ടിയെ തട്ടിയെടുത്തത് എന്ന നിഗമനത്തില്‍ തമിഴ്‌നാട് ക്രൈംബ്രാഞ്ച് കേരളത്തിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടയിലാണ് ശാന്തിയും നാരായണനും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ അസ്വാഭാവിക സാഹചര്യത്തിൽ കൈക്കുഞ്ഞുമായി നിൽക്കുന്നത് ചിറയന്‍കീഴ് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചില്‍ കേട്ട് ശ്രദ്ധിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി തമിഴ്‌നാട് പൊലീസിന് കൈമാറുകയും ചെയ്തു.
തമിഴ്‌നാട് പൊലീസാണ് വടശേരിയില്‍ നിന്നും കാണാതായ കുട്ടിയാണിതെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ കുട്ടിയുമായി റെയിൽവേ സ്റ്റേഷനിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കുഞ്ഞിനെ പുതപ്പിൽ പൊതിഞ്ഞ് സാരിത്തലപ്പ് കൊണ്ട് മറച്ച് സ്റ്റേഷനിലേക്ക് ശാന്തി നടന്നുവരുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. കുട്ടിയെ വളര്‍ത്താനാണ് കൊണ്ടു വന്നതാണെന്നാണ് പിടിയിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കുട്ടിയേയും പ്രതികളേയും ചിറയന്‍കീഴ് പൊലീസ് തമിഴ്‌നാട് പൊലീസിന് കൈമാറി.