Wednesday
17 December 2025
25.8 C
Kerala
HomeKeralaഗംഗാ സിംഗ് കേരളത്തിലെ പുതിയ മുഖ്യ വനംമേധാവി

ഗംഗാ സിംഗ് കേരളത്തിലെ പുതിയ മുഖ്യ വനംമേധാവി

കേരളത്തിന്റെ പുതിയ മുഖ്യ വനംമേധാവിയായി ഗംഗാ സിംഗ് നിയമിതനാകും. നിലവില്‍ വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. 1988 ബാച്ച് കേരളാ കേഡര്‍ ഐ എഫ് എസ് ഉദ്യോഗസ്ഥനാണ് ഉത്തരാഖണ്ഡ് സ്വദേശിയായ ഗംഗാ സിംഗ്. 1991-ല്‍ നോര്‍ത്ത് വയനാട് അസിസ്റ്റന്റ് ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററായി ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് (വേള്‍ഡ് ഫുഡ് പ്രോഗ്രാം), തിരുവനന്തപുരം (വേള്‍ഡ് ഫുഡ് പ്രോഗ്രാം), തിരുവനന്തപുരം സാമൂഹ്യവനവൽക്കരണ വിഭാഗം ആസ്ഥാനം, മണ്ണാര്‍ക്കാട് സൈന്റ്‌വാലി നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററായി.

തെന്‍മല, തൃശൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, കേന്ദ്ര ഡപ്യൂട്ടേഷനില്‍ ന്യൂഡല്‍ഹി നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക് ജോയിന്റ് ഡയറക്ടര്‍, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രായലത്തിന്റെ പ്രോജക്റ്റ് ടൈഗര്‍ ഡയറക്ടറേറ്റില്‍ ജോയിന്റ് ഡയറക്ടര്‍, ഡെറാഡൂണ്‍ ഐ സി എഫ് ആർ ഇയിൽ ഫോറസ്റ്റ് കൺസർവേറ്റര്‍, കോഴിക്കോട് സാമൂഹ്യവനവത്ക്കരണ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റര്‍, എഫ് എം ഐ എസ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കൺസർവേറ്റര്‍, ഡെറാഡൂണ്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാദമിയില്‍ പ്രഫസര്‍ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. ഡെറാഡൂണില്‍ പരിസ്ഥിതി വ്യതിയാന ഡിവിഷന്‍ മേധാവിയായിരുന്നിട്ടുണ്ട്.

2020 നവംബര്‍ മുതല്‍ 2022 ജൂണ്‍ വരെ വനം വകുപ്പ് ആസ്ഥാനത്ത് വിജിലന്‍സ് ആന്റ് ഫോറസ്റ്റ് ഇന്റലിജന്റ്സ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായിരുന്നു. 2022 ജൂണ്‍ 17 മുതല്‍ വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ആയി സേവനമനുഷ്ഠിച്ചുവരികയാണ്. നിലവിലെ മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ജൂലൈ 31-ന് വിരമിക്കുന്ന ഒഴിവിലാണ് ഗംഗാ സിംഗ് മുഖ്യ വനംമേധാവിയായി നിയമിതനാകുന്നത്.
ഭാര്യ ബിജിയ. രണ്ടു പെണ്‍മക്കളും ഒരു മകനും അടങ്ങുന്നതാണ് ഗംഗാ സിംഗിന്റെ കുടുംബം.

RELATED ARTICLES

Most Popular

Recent Comments