Wednesday
17 December 2025
25.8 C
Kerala
HomeIndiaഉഡുപ്പി കോളേജിലെ കുളിമുറി ദൃശ്യം; മൂന്ന് വിദ്യാര്‍ഥിനികള്‍ക്കെതിരേ കേസെടുത്തു

ഉഡുപ്പി കോളേജിലെ കുളിമുറി ദൃശ്യം; മൂന്ന് വിദ്യാര്‍ഥിനികള്‍ക്കെതിരേ കേസെടുത്തു

ഉഡുപ്പിയിൽ കോളേജ് വിദ്യാർത്ഥിനിയായ സഹപാഠിയുടെ കുളിമുറിദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്ന സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി കോളേജ് ഓഫ് ഒപ്‌റ്റോമെട്രി ആൻഡ് പാരാമെഡിക്കൽ സയന്‍സിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് മല്‍പേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാം വർഷ ഡിപ്ലോമ വിദ്യാർഥിനികളായ അൽഫിയാ, അലീമ, ഷബ്‌നാസ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ‘ദ ന്യൂസ് മിനിറ്റ്’ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കോളേജിനെതിരേയും കേസെടുത്തിട്ടുണ്ട്. ഇതിനുപുറമെ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയതിന് കാലു സിംഗ് ചൗഹാൻ എന്നയാൾക്കെതിരെയും കേസെടുത്തു. ആദ്യ രണ്ട് സംഭവങ്ങളിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി ഉഡുപ്പി എസ് പി ഹക്കായ് അക്ഷയ് മച്ചിന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് ഉഡുപ്പി പൊലീസ് സ്വമേധയാ കേസ് എടുത്തത്. ഐ ടി ആക്ടനുസരിച്ചും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജൂലായ് 18-നാണ് ഉഡുപ്പിയിലെ നഴ്‌സിങ് കോളേജ് വിദ്യാര്‍ഥിനി സഹപാഠികള്‍ക്കെതിരേ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. സഹപാഠികളായ മൂന്നുപെണ്‍കുട്ടികള്‍ തന്റെ കുളിമുറിദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പെണ്‍കുട്ടികളെയും കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രാങ്ക് വീഡിയോ എന്ന പേരിലാണ് ഇത് ചിത്രീകരിച്ചതെന്നും വീഡിയോ ഡിലീറ്റ് ചെയ്തുവെന്നും പെൺകുട്ടികൾ പറഞ്ഞതായി കോളേജ് അധികൃതർ പറയുന്നു. സംഭവത്തില്‍ മൂന്നുവിദ്യാര്‍ഥിനികളും ക്ഷമ ചോദിച്ചു. വിദ്യാര്‍ഥിനികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ പിടിച്ചെടുത്ത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കോളേജ് അധികൃതർ പറയുന്നു.

സംഭവം വിവാദമായതോടെ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണവും തുടങ്ങി. വർഗീയമായ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലായിരുന്നു വ്യാജപ്രചാരണങ്ങൾ. ഇതിനിടയിലാണ് കാലു സിംഗ് ചൗഹാൻ എന്നയാൾ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി വാർത്തയും വീഡിയോ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിപ്പിച്ചത്. തുടർന്നാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനുമാണ് കേസ്.

ഉഡുപ്പിയിലെ വിഷയത്തില്‍ സാമൂഹികമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചരണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് ഉഡുപ്പി എസ് പി പറഞ്ഞു. വസ്തുതാ വിരുദ്ധമായ വിവരങ്ങളോ വ്യാജ വീഡിയോകളോ ആരും പ്രചരിപ്പിക്കരുത്. ഉഡുപ്പിയിലെ വീഡിയോ എന്ന പേരില്‍ പല വ്യാജവീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇതിലൊന്നും അടിസ്ഥാനമില്ല. കോളേജില്‍നിന് രഹസ്യമായി ചിത്രീകരിച്ചെന്ന് പറയുന്ന ഒരു വീഡിയോയും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഒരു പരാതിയും കിട്ടിയിട്ടില്ല. വിഷയത്തിൽ വിഭാഗീയമായ മുതലെടുപ്പിന് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്,. അത്തരം ആളുകളെ നിരീക്ഷിച്ചുവരികയാണെന്നും എസ് പി അറിയിച്ചു.

സംഭവം വിവാദമായതോടെ ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവുമായ ഖുശ്‌ബു ഉഡുപ്പിയിലെത്തും. തുടർന്ന് വിദ്യാർഥിനിയിൽ നിന്നും മൊഴിയെടുക്കും. കോളേജും അവർ സന്ദർശിക്കും.

RELATED ARTICLES

Most Popular

Recent Comments