Thursday
18 December 2025
22.8 C
Kerala
HomeKeralaസ്വന്തം വീടുവിട്ടിറങ്ങുന്ന വിഷമം; കമ്പനി ആ കടങ്ങൾ വീട്ടാതെ എത്ര നിറം കലക്കിയിട്ടും കാര്യമില്ല; റിപ്പോർട്ടർ...

സ്വന്തം വീടുവിട്ടിറങ്ങുന്ന വിഷമം; കമ്പനി ആ കടങ്ങൾ വീട്ടാതെ എത്ര നിറം കലക്കിയിട്ടും കാര്യമില്ല; റിപ്പോർട്ടർ ടിവിയിൽ നിന്നും രാജിവെച്ച് അപർണ സെൻ

തിരുവനന്തപുരം: സ്വന്തം വീട് വിട്ടിറങ്ങുന്ന വിഷമമാണ് മനസിലുള്ളതെന്ന് റിപ്പോർട്ടർ ടിവിയിൽ നിന്നും രാജിവെച്ച വാർത്താ അവതാരക അപർണ സെൻ. “ഈ പടിയിറക്കം ഒരു അനിവാര്യതയാണ്. വ്യക്തി ജീവിതത്തിലായാലും കരിയറിലായാലും ഇടങ്ങളും നിലപാടിലെ തെളിച്ചവുമാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഒരു മാധ്യമപ്രവര്‍ത്തകന്റെ ഉടമസ്ഥതയില്‍ നിന്ന് ഒരു മുഖ്യധാരാ വാര്‍ത്താ സ്ഥാപനം കൈവിട്ട് പോയതിൽ വിഷമമുണ്ട്.” അപർണ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

“ജീവിതത്തേക്കുറിച്ചും കരിയറിനേക്കുറിച്ചും ഇതിലും വലിയൊരു കോഴ്‌സ്/പരീക്ഷണം എനിക്ക് കിട്ടാനില്ല. അനുഭവങ്ങളുടെ സമ്പത്ത് മാത്രം ബാങ്ക് ബാലന്‍സാക്കി ഇറങ്ങുമ്പോള്‍ അങ്ങനെ പറയാനുള്ള പ്രിവിലേജ് പോലും കിട്ടാതെ പോയ ഒട്ടേറെ സഹപ്രവര്‍ത്തകര്‍ കണ്‍മുന്നില്‍ വരുന്നു. ഇന്ന് എക്സ്റ്റന്‍ഡഡ് റിയാലിറ്റിയുടെ പൊലിമയില്‍ നില്‍ക്കുന്ന റിപ്പോര്‍ട്ടറുടെ അടിത്തറ കെട്ടിയത് അവരുടെ പട്ടിണിയിലും വിയര്‍പ്പിലുമാണ്. ആ കടം വീട്ടാതെ എത്ര നിറം കലക്കിയിട്ടും കാര്യമില്ല. ആ കടപ്പാട് തീര്‍ത്താല്‍ കേരള ജനതയില്‍ കുറച്ചുപേരുടെയെങ്കിലും വിശ്വാസ്യത തിരികെ പിടിക്കാനായേക്കും. റിപ്പോര്‍ട്ടറിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചു എന്നൊന്നും പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. റിപ്പോര്‍ട്ടറിനെ നിലനിര്‍ത്തിയ നൂറ് കണക്കിന് പേരില്‍ ഒരാള്‍ എന്ന വിശേഷണം മാത്രം മതി എനിക്ക്.” അപർണ പറയുന്നു.

“നിര്‍ഭയം മുന്നോട്ടുപോയ വാര്‍ത്താ നിലപാട്, ‘വാര്‍ത്ത ആണെങ്കില്‍’ കൊടുക്കാമെന്ന ധൈര്യം, ശരിയായ മാര്‍ഗത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന ബോധ്യം, നീണ്ടുനിന്ന ഇല്ലായ്മയുടെ കാലത്തും പിടിച്ചുനിര്‍ത്തിയ സഹപ്രവര്‍ത്തകരുടെ സ്‌നേഹവും ഇച്ഛാശക്തിയും… ഇതെല്ലാമാണ് റിപ്പോര്‍ട്ടറില്‍ ഇത്രയും നാള്‍ തുടരാന്‍ പ്രേരിപ്പിച്ചിരുന്നത്.” അപർണ പറയുന്നു.

റിപ്പോർട്ടർ ടിവി അ​ഗസ്റ്റിൻ സഹോരന്മാരുടെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്റ് ഏറ്റെടുത്തതിനു പിന്നാലെയാണ് അപർണ സെന്നിന്റെ രാജി. നേരത്തെ നികേഷ് കുമാറും അപർണ സെന്നുമായിരുന്നു റിപ്പോർട്ടർ ടിവിയുടെ മുഖം. എന്നാൽ പുതിയ മാനേജ്മെന്റ് ചുമതലയേറ്റെടുത്ത ശേഷം അപർണയെ എഡിറ്റോറിയൽ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. സംഘപരിവാറിനെതിരെയും ബിജെപിക്കെതിരെയും കടുത്ത നിലപാട് സ്വീകരിക്കുന്ന മാധ്യമ പ്രവർത്തക കൂടിയാണ് അപർണ സെൻ. ഇക്കാരണത്താൻ അപർണയെ പുതിയ മാനേജ്മെന്റ് തഴയുകയായിരുന്നുവെന്നാണ് വിവരം.

RELATED ARTICLES

Most Popular

Recent Comments