Thursday
18 December 2025
24.8 C
Kerala
HomeWorldഖത്തറിൽ വരും ദിവസങ്ങളില്‍ കനത്ത ചൂടിന് സാധ്യതയുള്ളതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ്

ഖത്തറിൽ വരും ദിവസങ്ങളില്‍ കനത്ത ചൂടിന് സാധ്യതയുള്ളതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ്

ഖത്തറിൽ വരും ദിവസങ്ങളില്‍ കനത്ത ചൂടിന് സാധ്യതയുള്ളതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. ഇന്നലെ വേനല്‍ക്കാലം ആരംഭിച്ചതായും ഇനി വരുന്ന ദിവസങ്ങളില്‍ ചൂടും അന്തരീക്ഷ ഈര്‍പ്പവും ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അല്‍ ഹനാ നക്ഷത്രത്തിന് തുടക്കമായതോടെയാണ് കാലാവസ്ഥാ മാറ്റമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇനിയുള്ള 12 ദിവസങ്ങളില്‍ ചൂട് കൂടുമെന്നും പ്രത്യേകിച്ചും തീര പ്രദേശങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുമെന്നും പെട്ടെന്ന് കാലാവസ്ഥ മാറുന്നത് കൊണ്ട് നേരിയ മൂടല്‍ മഞ്ഞിനും കാറ്റിന്റെ ശക്തി കുറയാനും ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സൂര്യാഘാതമേല്‍ക്കാതെ സൂക്ഷിക്കണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എമര്‍ജന്‍സി വകുപ്പ് മെഡിക്കല്‍ റെസിഡന്റ് ഡോ. അയിഷ അലി അല്‍ സദ വ്യക്തമാക്കിയിട്ടുണ്ട്.

സൂര്യാഘാതത്തിന്റെ ഗുരുതരമായ ലക്ഷണങ്ങള്‍ ശരീരോഷ്മാവ് ഉയരുക, അമിത വിയര്‍പ്പ്, അമിത ദാഹം, ഹൃദയമിടിപ്പ് കൂടുക, ചര്‍മ്മത്തില്‍ ചുവപ്പ് നിറം കാണുക, തലവേദന, ക്ഷീണം, ഛര്‍ദ്ദി, തളര്‍ച്ച എന്നിവയാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയാണ് സൂര്യാഘാതത്തെ ചെറുക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. അതുകൊണ്ട് ധാരാളം വെള്ളവും ജ്യൂസും കുടിക്കുക. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുക. ഉച്ചയ്ക്ക് 11 മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

കുട്ടികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിന്റെ താപനില ഉയര്‍ന്നാല്‍ തണുത്ത വെള്ളത്തില്‍ കുളിക്കുകയോ ഐസ് പാഡുകള്‍ ശരീരത്തില്‍ വെക്കുകയോ ചെയ്യാം. ക്ഷീണം തോന്നിയാല്‍ ചെയ്യുന്ന ജോലി നിര്‍ത്തുക. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ വ്യക്തിയെ ഉടന്‍ തന്നെ ശീതീകരിച്ച സ്ഥലത്തേക്ക് മാറ്റി കിടത്തുക. തലയും തോളും ഉയര്‍ന്ന രീതിയില്‍ വേണം കിടത്തേണ്ടത്. ഒപ്പം തണുത്ത വെള്ളമോ ഐസിട്ട വെള്ളമോ നല്‍കുക. കോള്‍ഡ് പാഡുകള്‍ ശരീരത്ത് വെക്കാം. അര മണിക്കൂറിന് ശേഷവും സ്ഥിതിയില്‍ മാറ്റമില്ലെങ്കിലോ ശരീര താപനില 40 ഡിഗ്രിക്ക് മുകളിലെത്തിയാലോ 999 എന്ന നമ്പരില്‍ വിളിക്കണമെന്നും ഡോ അല്‍ സദ വിശദമാക്കിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments