Wednesday
17 December 2025
30.8 C
Kerala
HomeKeralaതൃശൂർ വടക്കാഞ്ചേരിയിൽ കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി

തൃശൂർ വടക്കാഞ്ചേരിയിൽ കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി

തൃശൂർ വടക്കാഞ്ചേരിയിൽ കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിൽ മോഹൻറേതാണ് മൊഴി. ആനയുടെ ജഡാവിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധന ഇന്ന് നടത്തും.

അഖിൽ മോഹൻറെ മൊഴി തന്നെയായിരുന്നു വടക്കാഞ്ചേരി വാഴക്കോട്ട് റബ്ബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്താൻ നിർണായകമായത്. അഖിലിന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുളളതായി അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കാട്ടാനയെ കുഴിച്ചുമൂടാൻ ആറ് പേർ ഉണ്ടായിരുന്നുവെന്നാണ് അഖിലിൻറെ മൊഴി. ആറംഗ സംഘത്തിൽ മൂന്ന് പേരെ തനിക്ക് അറിയില്ലെന്നും അഖിൽ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥമുടമയായ റോയി പന്നിക്കെണിയായി വച്ച വൈദ്യുത കമ്പിയിൽ ഷോക്കടിച്ച് ആന ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് സുഹൃത്തുക്കളായ അഖിലിനെ അടക്കം റോയ് കുഴിച്ചുമൂടാനായി വിളിച്ചുവരുത്തി. എന്നാൽ ആനക്കൊമ്പ് മുറിച്ചെടുത്ത വിവരം റോയിക്ക് അറിയില്ലെന്നാണ് അഖിൽ പറയുന്നത്. ഇത് സംബന്ധിച്ച് പിന്നീട് ഇരുവരും തമ്മിൽ തർക്കവുമുണ്ടായി. ജൂൺ 14നാണ് കാട്ടാന കൊല്ലപ്പെടുന്നത്. 15ന് റബ്ബർ തോട്ടത്തിലെ കുളത്തിൽ മറവ് ചെയ്തു. ഇതിനായി ഉപയോഗിച്ച ജെസിബി ഡ്രൈവറെയടക്കം വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.

കുളത്തിൽ നിന്നും കണ്ടെടുത്ത ഒരു കൊമ്പ്, തലയോട്ടി, അസ്ഥികൾ എന്നിവ ഡിഎൻഎ പരിശോധന നടത്തും. പട്ടിമറ്റത്ത് നിന്നും പിടികൂടിയ കൊമ്പാണോ ഇതെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. ആന എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തിലും വ്യക്തത ഉണ്ടാകും. അതിനിടെ ഒളിവിൽ പോയ സ്ഥലമുടമ റോയിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ ഗോവയിലേക്ക് കടന്നുവെന്നാണ് സൂചന. കേസിലെ മറ്റ് പ്രതികളെ തിരിച്ചറിയുന്നതിനും റോയിയുടെ അറസ്റ്റ് അനിവാര്യമാണ്.

RELATED ARTICLES

Most Popular

Recent Comments