ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഫാന്‍സുകാരെ തടഞ്ഞ് നാട്ടുകാര്‍

0
320

ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പൻ പോയെങ്കിലും കൊമ്പന്റെ അദൃശ്യ സാന്നിധ്യം ഇപ്പോഴും തുടരുകയാണ്. ആനയുടെ പേരിൽ നടക്കുന്ന നാടകീയതകൾക്കും ശമനമില്ല. അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് അരിക്കൊമ്പൻ ഫാൻസ് രംഗത്തെത്തിയതോടെയാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘർഷമുണ്ടായത്.

അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം ഡി എഫ് ഒ ഓഫീസിലേയ്ക്ക് സമരം നടത്തുന്നതിന് മുന്നോടിയായാണ് സംഘം ചിന്നക്കനാലില്‍ എത്തിയത്. ഇതറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെ തടയുകയായിരുന്നു.

രണ്ട് സ്ത്രീകളടക്കമുള്ള സംഘമാണ് ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ എത്തിയത്. പ്രദേശത്തെത്തിയ സംഘത്തോട് നാട്ടുകാര്‍ സംസാരിക്കുന്നതിനിടയില്‍ അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന രീതിയില്‍ ഒരാള്‍ സംസാരിച്ചു. ഇതോടെയാണ് നാട്ടുകാര്‍ ഇവരെ തടഞ്ഞത്. അരിക്കൊമ്പന് വേണ്ടി ഇറങ്ങുന്നവർ നാട്ടുകാരെ കയ്യേറ്റക്കാരായി ചിത്രീകരിച്ച് കുടിയിറക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.

നാട്ടുകാർതടയുകയായിരുന്നുവെന്ന് അരിക്കൊമ്പന്‍ ഫാന്‍സ് ആരോപിക്കുന്നു.ചിന്നക്കനാലില്‍ നിന്നും മടങ്ങിയ സംഘം മൂന്നാര്‍ ഡി വൈ എസ് പി ഓഫീസിലെത്തി പരാതി നല്‍കി. അതേസമയം അരിക്കൊമ്പന്‍ ഫാന്‍സെന്ന പേരില്‍ ഇറങ്ങിയിരിക്കുന്നവരുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇതിനിടയിൽ, അരിക്കൊമ്പന്‍ ഫാന്‍സ് അടുത്ത ദിവസ്സം മൂന്നാര്‍ ഡി എഫ് ഒ ഓഫീസിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.