മദ്യലഹരിയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് തള്ളിയിട്ടു; എസ്ഐയുടെ കൈ ഒടിഞ്ഞു

0
128

പത്തനംതിട്ടയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് തള്ളിയിട്ടതിനെ തുടര്‍ന്ന് എസ്ഐയുടെ കൈ ഒടിഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മദ്യലഹരിയില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത കുറുന്താര്‍ സ്വദേശി അഭിലാഷാണ് എസ്.ഐയെ തള്ളിയിട്ടത്. ആറന്മുള എസ്ഐ സജു എബ്രഹാമിന്‍റെ കൈയാണ് ഒടിഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30ക്കായിരുന്നു സംഭവം.

കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ യുവാവ് മദ്യപിച്ച് ബഹളം വയ്ക്കുന്നെന്ന വിവരമറിഞ്ഞാണ് എസ്ഐ സ്ഥലത്തെത്തിയത്. അഭിലാഷിനെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

എന്നാൽ സ്റ്റേഷനിലേക്കുളള പടികൾ കടക്കും മുൻപ് ഇയാൾ എസ്ഐയെ തള്ളിയിടുകയായിരുന്നു. ഇതിനിടെ തൂണിൽ ഇടിച്ചാണ് എസ്ഐയുടെ കൈ ഒടിഞ്ഞത്. അടുത്ത ദിവസം തന്നെ എസ്ഐ സജു എബ്രഹാമിന്‍റെ സർജറി നടത്തും.