മന്ത്രി റിയാസിന്റെ സമ്മാനമായി ഇലക്‌ട്രിക് വീൽചെയർ; ബീന ഷെമിന് ഇനി പുറത്തിറങ്ങി നാടുചുറ്റാം

0
140

ശാരീരികാവശതകളാൽ ജീവിതം വീട്ടിനകത്ത് തളച്ചിടപ്പെട്ട ബേപ്പൂർ പുഞ്ചപ്പാടം തച്ചിറപ്പടിക്കൽ ബീന ഷെമിന് ഇനി പുറത്തിറങ്ങി നാടുചുറ്റാം. അപ്രതീക്ഷിത അതിഥിയായി വീട്ടിലെത്തിയ മന്ത്രി മുഹമ്മദ് റിയാസ് പുതിയ ഇലക്ട്രിക് വീൽചെർ സമ്മാനിച്ചപ്പോൾ ബീനയുടെയും ഉമ്മയുടെയും കണ്ണുനിറഞ്ഞുപോയി.

“ഞാനിത്രയും പ്രതീക്ഷിച്ചില്ല, സന്തോഷവും നന്ദിയും പറഞ്ഞറിയിക്കാനാവാത്തത്രയാണ്… ” ബീനയുടെ വാക്കുകൾ മുറിഞ്ഞു. നേരിൽ കാണണമെന്നും ഞങ്ങളെപ്പോലുള്ളവരുടെ പ്രയാസം ധരിപ്പിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കഴിഞ്ഞ മാസം പത്തിന് മന്ത്രി റിയാസ് ബീനയുടെ വീട്ടിലെത്തിയിരുന്നു. സൗഹൃദ സംഭാഷണത്തിനിടയിൽ കൂട്ടുകാർ നൽകിയ, താൻ ഉപയോഗിക്കുന്ന വീൽ ചെയറിന്റെ തകരാറുകൾ ബീന മന്ത്രിയുമായി പങ്കുവച്ചിരുന്നു. ഇക്കാര്യം ഓർത്തു വച്ചാണ് ഏറെ വൈകാതെ തന്നെ, ഇലക്ട്രിക് വീൽചെയറുമായി ബേപ്പൂർ പുഞ്ചപ്പാടത്തെ ബീനയുടെ “ബൈത്തുൽ ഹാറൂൺ” വീട്ടിൽ മന്ത്രി എത്തിയത്.

മൂന്നു വയസ്സുള്ളപ്പോൾ പോളിയോ ബാധിച്ച് ഇരുകാലുകളുടെയും ഒരു കൈയുടെയും ചലനശേഷി നഷ്ടപ്പെട്ട ബീന വീണ്ടും മന്ത്രിയെ കണ്ടപ്പോൾ സംസാരിച്ചത്‌ ഭിന്നശേഷിക്കാരുടെ പൊതുവായ പ്രശ്നങ്ങളാണ്. ആവുന്നത്ര ശ്രദ്ധയും പരിഗണനയും ഉണ്ടാകുമെന്നു മന്ത്രി അറിയിച്ചു. നേരത്തെ മുഖ്യമന്ത്രിയുമായും ബീന വീഡിയോ കോളിലൂടെ സംവദിച്ചിരുന്നു. സിപിഐ എം ഫറോക്ക് ഏരിയ സെക്രട്ടറി ടി രാധാ ഗോപി, എൽ യു അഭിഥ്, റസൽ പള്ളത്ത്, എം ഗിരിജ, എം ശശിധരൻ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായി.