വ്യാപകമായ അന്വേഷണം നടക്കുന്നു; ഷാജൻ സ്കറിയയെ ഉടൻ പിടികൂടുമെന്ന് സംസ്ഥാന പോലീസ് മേധാവി

0
150

ഷാജൻ സ്കറിയയെ ഉടൻ പിടികൂടുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേശ് സഹേബ്. ഷാജനായി വ്യാപക അന്വേഷണം നടക്കുകയാണെന്നും അദേഹം പറഞ്ഞു. പൊലീസിലെ ക്രിമിനലുകളെ കണ്ടെത്തി അത്തരക്കാരെ പിരിച്ചു വിടാൻ ഉറപ്പായും തുടർനടപടികൾ ഉണ്ടാകും. പൊലീസ് കമ്മീഷണറേറ്റിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാജൻ സ്‌കറിയയുടെ ഓഫീസിൽ പൊലീസ് റെയ്‌ഡ്‌ നടന്നിരുന്നു. ഷാജന്റെ ജീവനക്കാരുടെ വീടുകളിലും റെയ്‌ഡ്‌. ഒളിവിലുള്ള ഷാജനെ തേടിയാണ് റെയ്‌ഡ്‌. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

കൊച്ചി സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. ജീവനക്കാരുടെ ഫോണുകളും ലാപ്പ് ടോപ്പും പൊലീസ് പിടിച്ചെടുത്തു

പിവി ശ്രീനിജിൻ എം എൽ എ യുടെ പരാതിയിലാണ് പരിശോധന. തിരുവനന്തപുരത്ത് ഷാജന്റെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിൽ ഇന്ന് രാവിലെ പൊലീസ് പരിശോധന നടത്തി. പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

പിവി ശ്രീനിജൻ എം എൽ എയ്ക്കെതിരെ നടത്തിയ അപകീ‍ർത്തികരമായ പരാമ‍ർശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. ഷാജൻ സ്കറിയക്കെതിരെ എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഇതിൽ ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഹൈക്കോടതി ഹർജി തള്ളിയിരുന്നു.