കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെത്തിയ ചെറുപ്പക്കാര്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി റിപ്പോർട്ട്. സംഭവം നടന്നത് ഇന്നലെ അതായത് ഞായറാഴ്ച രാത്രി എട്ടരയോടെ ഞാങ്ങാട്ടിരിയിലെ സ്‌കൈ വേയ്സ് പമ്പിലാണ്. സംഭവത്തിൽ പരിക്കേറ്റ ജീവനക്കാരായ ഹാഷിഫ്, പ്രസാദ് എന്നിവരെ പട്ടാമ്പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തിൽ ഇരുവരുടെയും തലയ്ക്കും ശരീരത്തിനും പരിക്കുണ്ട്. എട്ടരയോടെ ബൈക്കില്‍ പമ്പിലെത്തിയ ചെറുപ്പക്കാരാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ പ്രശ്‌നങ്ങൾ തുടങ്ങുകയായിരുന്നു. തർക്കമുണ്ടായതിനെ തുടർന്ന് ബൈക്കില്‍ നിന്നിറങ്ങിയ യുവാക്കള്‍ കൈയിലുണ്ടായിരുന്ന വടിയും ആയുധങ്ങളുമുപയോഗിച്ച് ജീവനക്കാരെ നേരിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മാത്രമല്ല ജീവനക്കാരെ ആക്രമിച്ചശേഷം ഇവർ പമ്പിന് തീവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായതായി ദൃക്സാക്ഷികള്‍ അറിയിച്ചിട്ടുണ്ട്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എസ്.ഐ. സുരേഷിന്റെ നേതൃത്വത്തിലുള്ള തൃത്താല പോലീസ് സ്ഥലത്തെത്തിയെങ്കിലും അതിനുമുന്‍പെ ആക്രമം നടത്തിയവർ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പ് അടച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.