ഏകീകൃത സിവിൽകോഡ്‌ നടപ്പാക്കുന്നതിനെതിരെ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

0
119

ഏകീകൃത സിവിൽകോഡ്‌ നടപ്പാക്കുന്നതിനെതിരെ സിപിഐ എം നേതൃത്വത്തിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കോഴിക്കോടാണ്‌ സെമിനാർ. തുടർന്ന്‌ ജില്ലാ അടിസ്ഥാനത്തിലും പ്രധാന കേന്ദ്രങ്ങളിലും ഇതുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കും. വർഗീയ വാദികളല്ലാത്ത ആരെയും ഈ വേദിയിലേക്ക്‌ ക്ഷണിക്കാനാകുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

ഏകീകൃത സിവിൽകോഡ്‌ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിക്കുന്നതിലൂടെ രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്. ആർഎസ്‌എസും സംഘപരിവാറുമാണ്‌ പ്രധാമന്ത്രിയെ അണിയിച്ചൊരുക്കി ഏകീകൃത സിവിൽകോഡിന്‌ വേണ്ടി പ്രചാരണം നടത്തുന്നതെന്നും ഇക്കാര്യത്തിൽ യോജിച്ച നിലപാട്‌ സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏകീകൃത സിവിൽകോഡ്‌ നിയമനിർമാണം നടത്തുമെന്ന്‌ പ്രധാനമന്ത്രി പറയുന്നത്‌ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമാണ്‌. . മതേതര ഇന്ത്യ നിലനിൽക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരും ഏകീകൃത സിവിൽകോഡിനെ എതിർത്ത്‌ രംഗത്തുവരാനുള്ള സമയമായി. വർഗീയവാദികളല്ലാത്ത എല്ലാവരെയും സെമിനാറിൽ പങ്കെടുപ്പിക്കും. എന്നാൽ കോൺഗ്രസിനെ പങ്കെടുപ്പിക്കില്ല. ഈ വിഷയത്തിൽ കോൺഗ്രസ്‌ എടുക്കുന്ന നിലപാട്‌ വിചിത്രമാണ്‌. അഖിലേന്ത്യാതലം മുതൽ താഴെത്തട്ടുവരെ പല നിലപാടാണ്‌. രാഹുൽ ഗാന്ധിയടക്കമുള്ളവർക്ക്‌ വ്യക്തമായി നിലപാട്‌ പറയാൻ കഴിയുന്നില്ല കോൺഗ്രസ് മന്ത്രി പോലും ഏക സിവിൽ കോഡിനെ പിന്തുണക്കുന്നു. അവസരവാദ പരമായ സമീപനമാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സെമിനാറിലേക്ക് സമസ്‌തയെ ക്ഷണിക്കും. ഏക സിവിൽ കോഡ് വിഷയത്തിൽ യോജിക്കാവുന്ന എല്ലാവരും ആയി യോജിക്കുമെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണിപ്പുർ വിഷയത്തിൽ വിപുലമായ ക്യാംപയിനും സമരപരിപാടികളും സംഘടിപ്പിക്കും. സിപിഐ എം, സിപിഐ എംപിമാരുടെ പ്രതിനിധി സംഘം മണിപ്പുർ സന്ദർശിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.