Tuesday
30 December 2025
25.8 C
Kerala
HomeKeralaമയക്കുമരുന്ന് കേസില്‍പ്പെടുത്തി വീട്ടമ്മയെ ജയിലിലടച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി

മയക്കുമരുന്ന് കേസില്‍പ്പെടുത്തി വീട്ടമ്മയെ ജയിലിലടച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി

തൃശൂര്‍ ചാലക്കുടിയില്‍ വ്യാജ മയക്കുമരുന്ന് കേസില്‍പ്പെടുത്തി വീട്ടമ്മയെ ജയിലിലടച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. കേസില്‍ ഇരയാക്കപ്പെട്ട ഷീലാ സണ്ണിയെ മന്ത്രി നേരില്‍ വിളിച്ചു. ഷീലാ സണ്ണി നിരപരാധിയാണെന്ന് കോടതിയെ അറിയിക്കും. ഇനി ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും എം ബി രാജേഷ് വ്യക്തമാക്കി.

ഷീലാ സണ്ണിയെ ഫോണില്‍ വിളിച്ചാണ് എക്‌സൈസ് മന്ത്രി ആശ്വസിപ്പിച്ചത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജയിലില്‍ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും ഖേദം പ്രകടിപ്പിച്ചു. വ്യാജമായി കേസില്‍ കുടുക്കുന്നതിന് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കിയെന്ന് മന്ത്രി പറഞ്ഞു.

‘സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ച നടപടികളില്‍ ഷീലാ സണ്ണി സംതൃപ്തിയും നന്ദിയും അറിയിച്ചു. ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കും. ഇനി ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കും’. എം ബി രാജേഷ് അറിയിച്ചു.

സംഭവത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയുടെ ബാഗില്‍ എല്‍എസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതിയെയാണ് സംശയിക്കുന്നത്. ഇവരുടെ ഫോണ്‍ നമ്പര്‍ സ്വിച്ചോഫാണ്. ബാഗില്‍ എല്‍എസ്ഡി ഉണ്ടെന്ന് വിവരം ലഭിച്ചത് ഇന്റര്‍നെറ്റ് കോള്‍ വഴിയായിരുന്നു. എക്‌സൈസ് ഇന്‍സ്പെക്ടര്‍ സതീശനാണ് മൊഴി നല്‍കിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടിയില്‍ ഷീല നടത്തിവന്ന ബ്യൂട്ടിപാര്‍ലറില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ഷീലയുടെ ബാഗും കാറും എക്സൈസ് സംഘം പരിശോധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് എക്സൈസ് സംഘം അന്ന് പറഞ്ഞത്. പിടിച്ചെടുത്തെന്ന് പറയുന്ന സ്റ്റാമ്പ് ഒറ്റത്തവണ മാത്രമാണ് തന്നെ കാണിച്ചതെന്നും അതെന്താണെന്ന് പോലും അറിഞ്ഞിരുന്നില്ലെന്നും വീട്ടമ്മ പറയുന്നു. എനിക്ക് മറ്റ് ശത്രുക്കളുമില്ല. ഒരു ചെറിയ പാര്‍ലര്‍ നടത്തിയാണ് ജീവിക്കുന്നത്. ചെയ്യാത്ത തെറ്റിന് 72 ദിവസമാണ് ജയിലില്‍ കിടന്നതെന്നും ബ്യൂട്ടി പാര്‍ലര്‍ ഉടമ വെളിപ്പെടുത്തി. ഷീലയില്‍ നിന്ന് എല്‍എസ്ഡി സ്റ്റാംപ് ഉള്‍പ്പെടെയുള്ള മാരകമായ മയക്കുമരുന്ന് പിടിച്ചെടുത്തുവെന്നായിരുന്നു എക്‌സൈസ് നല്‍കിയ വിവരം.

RELATED ARTICLES

Most Popular

Recent Comments