ഇന്ത്യക്കാർക്ക് ബിരിയാണി മതി; കഴിഞ്ഞ 12 മാസത്തിൽ 7.6 കോടി ഓർഡറുകൾ ഡെലിവറി ചെയ്‌തെന്നു സ്വിഗ്ഗി

0
59

ഭക്ഷണ കാര്യത്തിൽ എന്നും ഇന്ത്യക്കാർ മുന്നോട്ടാണ്. ഭക്ഷണ രംഗത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്ന വിപണികളിൽ ഒന്നും ഇന്ത്യ തന്നെയാകും. മികച്ച രുചിയുള്ള ഭക്ഷണത്തിനു വേണ്ടി മണിക്കൂറുകളോം ക്യൂ നിൽക്കനോ, കൂടുതൽ പണം മുടക്കനോ ഇന്ത്യക്കാർ മടിക്കാറില്ല. ഭക്ഷണങ്ങളിൽ സ്ഥിരം വ്യത്യസ്തത ആഗ്രഹിക്കുന്ന ഇന്ത്യക്കാർ പക്ഷെ ഇപ്പോഴും കൂടുതൽ പ്രിയം ബിരിയാണികളോട് (Biryani) തന്നെയാണെന്നു ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലയായ സ്വിഗ്ഗി (Swiggy) വ്യക്തമാക്കുന്നു. കഴിഞ്ഞ 12 മാസത്തെ ഓർഡർ കണക്കുകൾ പുറത്തുവിട്ടാണ് ഇന്ത്യക്കാരുടെ ബിരിയാണി പ്രിയം സ്വിഗ്ഗി സമർത്ഥിക്കുന്നത്.

കഴിഞ്ഞ 1 വർഷത്തിനിടെ ഇന്ത്യയിലുടനീളം സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ലഭിക്കുകയും, വിറ്റഴിക്കപ്പെടുകയും ചെയ്ത വിഭവം ബിരിയാണി ആണ്. 12 മാസത്തിൽ ഇന്ത്യക്കാർ 7.6 കോടി ഓർഡറുകൾ ഭക്ഷ്യ ശൃംഖല വിതരണം ചെയ്തു. ജൂലൈ 2, ഇന്റർനാഷണൽ ബിരിയാണി ദിനത്തോട് (International Biryani Day) അനുബന്ധിച്ചാണ് സ്വിഗ്ഗി വിവരങ്ങൾ പുറത്തുവിട്ടത്. കണക്കുകൾ പ്രകാരം രാജ്യത്ത് ഒരോ മിനിറ്റിലും 219 ഓർഡറുകൾ ലഭിക്കുന്നുണ്ട്.

സുഗന്ധമുള്ള ‘ലക്നോവി ബിരിയാണി’, മസാല നിറഞ്ഞ ‘ഹൈദരാബാദി ദം ബിരിയാണി’, രുചിക്ക് പേരുകേട്ട ‘കൊൽക്കത്ത ബിരിയാണി’, മണവും രുചിയുമേറിയ ‘മലബാർ ബിരിയാണി’ വരെ ഓർഡറുകളിൽ നിറയുന്നു. 2022 ഇതേ സമയത്തെ അപേക്ഷിച്ച്, കഴിഞ്ഞ അഞ്ചര മാസത്തിനിടെ ബിരിയാണി ഓർഡറുകളിൽ 8.26 ശതമാനം വളർച്ചയുണ്ടായതായി സ്വിഗ്ഗി വ്യക്തമാക്കി. ഇത്തവണ ഏറ്റവും മികച്ച ബിരിയാണി പ്രേമി ചെന്നൈ സ്വദേശിയാണ്. ഒരൊറ്റ ബിരിയാണി ഓർഡറിന് ചെന്നൈ സ്വദേശി ചെലവിട്ടത് 31,531 രൂപയാണ്.

ബിരിയാണി വെറൈറ്റികളിൽ ഏറ്റവും മുന്നിൽ പുരാതനമായ ദം ബിരിയാണി തന്നെ. 85 വകഭേദങ്ങളിൽ 6.2 ദശലക്ഷം ഓർഡറുകൾ നേടിയാണ് ദം ബിരിയാണി തിളങ്ങിയത്. മുൻവർഷങ്ങളിലും ചമ്പ്യൻ പട്ടം ദം ബിരിയാണിക്കു തന്നെ ആയിരുന്നു. 3.5 മില്യൺ ഓർഡറുകൾ നേടി ബിരിയാണി റൈസ് രണ്ടാം സ്ഥാനത്ത് എത്തി. 2.8 മില്യൺ ഓർഡറുകളുമായി ഹൈദരാബാദി ബിരിയാണി മൂന്നാം സ്ഥാനത്തെത്തി.

ഏറ്റവും കൂടുതൽ ബിരിയാണികൾ വിളമ്പിയ റസ്‌റ്റോറന്റുകളുള്ള നഗരം പരിഗണിക്കുമ്പോൾ ബംഗളുരൂ ആണ് മുന്നിൽ. ഏകദേശം 24,000 ബിരിയാണികളാണ് ബംഗളുരൂ റസ്‌റ്റോറന്റുകളിൽ വിളമ്പപ്പെട്ടത്. 22,000 ബിരിയാണികൾ വിളമ്പി മുംബൈ രണ്ടാം സ്ഥ്ാനത്തും, 20,000 ഡെലിവറികളുമായി ഡൽഹി മൂന്നാമതുമെത്തി.

ഈ വർഷം ജൂൺ വരെ 72 ലക്ഷം ഓർഡറുകൾ നൽകിയ ഹൈദരാബാദ് ബിരിയാണി ഉപഭോഗത്തിൽ ഒന്നാമത്. ഏകദേശം 50 ലക്ഷം ഓർഡറുകളുമായി ബെംഗളൂരു രണ്ടാം സ്ഥാനത്തും 30 ലക്ഷം ഓർഡറുകളുമായി ചെന്നൈ മൂന്നാം സ്ഥാനത്തും എത്തിയെന്നു സ്വിഗ്ഗിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്വിഗ്ഗി എന്ന ഒറ്റ പ്ലാറ്റ്ഫോമിൽ ഓർഡർ ചെയ്യപ്പെട്ട ബിരിയാണി കണക്കുകളാണ് ഇത്. ഇതുപോലെ തന്നെ സൊമാറ്റോ, ഒഎൻഡിസി, പ്രദേശിക ഭക്ഷ്യ വിതരണ ആപ്പുകൾ, റസ്റ്റോറന്റുകളിലെയും, ഹോട്ടലുകളിലെയും നേരിട്ടുള്ള വാങ്ങലുകൾ എന്നിവ പരിഗണിച്ചാൽ ഇന്ത്യക്കാരുടെ ബിരിയാണി പ്രിയത്തിന്റെ വ്യാപ്തി പതിൻമടങ്ങ് വർധിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.