ഗുജറാത്തിൽ നാശം വിതച്ച് മഴ; 9 പേർക്ക് ജീവൻ നഷ്‌ടമായി

0
219

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗുജറാത്തിന്റെ പല ഭാഗങ്ങളിലും പെയ്‌ത ശക്തമായ മഴ സംസ്ഥാനത്ത് ഉണ്ടാക്കിയത് കനത്ത നാശനഷ്‌ടങ്ങൾ. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ഇത് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്‌ടിക്കുകയും ചെയ്‌തതായി ഒരു ഉദ്യോഗസ്ഥൻ ശനിയാഴ്‌ച പറഞ്ഞു.

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലകളായ കച്ച്, ജാംനഗർ, ജുനഗഡ്, നവസാരി എന്നിവിടങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആർഎഫ്) ടീമുകളെ വിന്യസിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ (എസ്‌ഇഒസി) പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ഒമ്പത് പേർക്ക് ജീവൻ നഷ്‌ടമായി. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12ന് അവസാനിച്ച 30 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ 37 താലൂക്കുകളിൽ 100 ​​മില്ലിമീറ്ററിലധികം മഴ പെയ്‌തതായി എസ്ഇഒസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

എസ്ഇഒസി റിപ്പോർട്ട് പ്രകാരം ശനിയാഴ്‌ച രാവിലെ 6 മണിക്ക് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ ജുനഗഡ് ജില്ലയിലെ വിസവാദർ താലൂക്കിൽ മാത്രം 398 മില്ലിമീറ്റർ മഴ ലഭിച്ചു. ജാംനഗർ ജില്ലയിലെ ജാംനഗർ താലൂക്ക് (269 എംഎം), വൽസാദിലെ കപ്രദ (247 എംഎം), കച്ചിലെ അഞ്ജർ (239 എംഎം), നവ്സാരിയിൽ ഖേർഗാം (222 എംഎം) എന്നിവയാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ പ്രദേശങ്ങളിൽ ചിലത്.

ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സൗരാഷ്ട്ര-കച്ച്, തെക്കൻ ഗുജറാത്ത് മേഖലകളിലെ പല ജില്ലകളിലും അതിശക്തമായ മഴ ലഭിച്ചു, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കുകയും ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്‌തിട്ടുണ്ട്‌.

അഹമ്മദാബാദ് നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായത് കനത്ത ഗതാഗതക്കുരുക്കിനും ഇടയാക്കി. ജില്ലയിൽ കനത്ത മഴ ലഭിച്ചതിനാൽ കച്ചിലെ ഗാന്ധിധാം റെയിൽവേ സ്‌റ്റേഷൻ വെള്ളത്തിനടിയിലായി, ജുനഗഡ്, ജാംനഗർ, കച്ച്, വൽസാദ്, നവസാരി, മെഹ്‌സാന, സൂറത്ത് എന്നിവിടങ്ങളിൽ നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിനടിയിലായതായും അധികൃതർ അറിയിച്ചു.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വെള്ളിയാഴ്‌ച രാത്രി ഗാന്ധിനഗറിലെ എസ്‌ഇഒസിയിൽ ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്നു, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

ജുനഗഡ്, കച്ച് ജില്ലകളിലെ കളക്ടർമാരുമായും പട്ടേൽ സംസാരിച്ചു, വിസവാദർ താലൂക്കിലെ ഗ്രാമങ്ങളിലെ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള മഴയുടെ സാഹചര്യത്തെക്കുറിച്ചും മറ്റ് ദുരിതാശ്വാസ നടപടികൾക്കൊപ്പം ആളുകളെ ഒഴിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ശനിയാഴ്‌ചയോടെ സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെന്നും ഞായറാഴ്‌ചയോടെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അതേസമയം, വടക്ക്, തെക്കൻ ഗുജറാത്ത്, സൗരാഷ്ട്ര ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്‌ച രാവിലെ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബുധനാഴ്‌ച രാവിലെ വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.