ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ അർച്ചന ജോഷിയെ തൽസ്ഥാനത്ത് നിന്ന് നീക്കി. അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ അർച്ചന ജോഷിയെ നീക്കിയത്. സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ജനറൽ മാനേജരായി ചുമതലയേൽക്കാൻ ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അനിൽ കുമാർ മിശ്രയ്ക്ക് അനുമതി നൽകി.
സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ പുതിയ ജനറൽ മാനേജരായി അനിൽ കുമാർ മിശ്രയെ മന്ത്രിസഭയുടെ നിയമന സമിതി അംഗീകരിച്ചതായി ഇന്ത്യൻ റെയിൽവേ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ചെന്നൈയിലേക്കുള്ള കോറോമാണ്ടൽ എക്‌സ്‌പ്രസ്, ഹൗറയിലേക്കുള്ള ഷാലിമാർ എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവ ഉൾപ്പെട്ട ജൂൺ രണ്ടിന് നടന്ന മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ 291 പേർ മരിക്കുകയും 1000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, ഒഡീഷയിലെ ബാലസോർ ജില്ലയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) 52 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. “ഭുവനേശ്വറിലെ എയിംസിൽ 81 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്, ഒരു മൃതദേഹത്തിന് ഒന്നിലധികം ക്ലെയിമുകൾ ഉണ്ടായതിനാൽ ഞങ്ങൾ അവയുടെ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിൽ 29 സാമ്പിളുകളുടെ സ്ഥിരീകരണം ലഭിച്ചു. ഇക്കാര്യം അവരുടെ ബന്ധുക്കളെയോ അവകാശികളെയോ അറിയിച്ചിട്ടുണ്ട്,” ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ സുലോചന ദാസ് എഎൻഐയോട് പറഞ്ഞു.