പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചു. സതീശനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇ.ഡിയും വിവരശേഖരണവുമായി രംഗത്തെത്തിയത്. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ നിയമലംഘനം നടത്തിയിട്ടുണ്ടെയെന്ന് ഇ.ഡി പരിശോധിക്കും. ഇഡി കൊച്ചി യൂണിറ്റാണ് അന്വേഷണം ഇക്കാര്യം പരിശോധിക്കുന്നത്.
2018ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുടെ വിശദാംശങ്ങൾ ഇ.ഡി ശേഖരിച്ചുതുടങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട് വി ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങൾ ഇ.ഡി അന്വേഷിക്കും. പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ പല അഴിമതികള്‍ നടത്തിയെന്നാണ് പരാതി.
പ്രതിപക്ഷനേതാവിനെതിരായ പരാതിയില്‍ വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ അറിവോടെയാണോ ഈ പദ്ധതി നടപ്പാക്കിയതെന്ന കാര്യമാണ് പ്രധാനമായും വിജിലന്‍സ് അന്വേഷിക്കുന്നത്.
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് വിജിലൻസ് സംഘം സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി അധികൃതർക്ക് കത്ത് നൽകും. ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റിയിൽ നേരത്തേ ജോലി ചെയ്‌തിരുന്ന ഉദ്യോഗസ്ഥന്റ മൊഴി കഴിഞ്ഞ ദിവസം വിജിലൻസ് രേഖപ്പെടുത്തിയിരുന്നു.