സ്‌കൂളുകൾ കത്തിച്ചു; ഫ്രാൻസിൽ 17കാരനെ പോലീസ് വെടിവെച്ചുകൊന്നതിൽ പ്രതിഷേധം കനക്കുന്നു

0
63

ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് പതിനേഴുകാരനെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തിൽ ഫ്രാൻസിൽ പ്രതിഷേധം കനക്കുന്നു. പ്രതിഷേധങ്ങൾ പലയിടത്തും അക്രമാസക്തമായി. മൂന്ന് ദിവസമായി ഇവിടെ പ്രതിഷേധം മുറുകിക്കൊണ്ടിരിക്കുകയാണ്. ‘ജസ്റ്റിസ് ഫോർ നഹേൽ’ എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രിതഷേധം. കറുത്ത മുഖംമൂടി ധരിച്ചെത്തിയ സമരക്കാർ ടൗൺഹാളുകൾ, സ്കൂളുകൾ, പോലീസ് സ്റ്റേഷനുകൾ, ബസുകൾ എന്നിവയെല്ലാം അഗ്നിക്കിരയാക്കി.

ഫ്രെസ്‌നെസിലെ ജയിൽസമുച്ചയവും പ്രതിഷേധക്കാർ ആക്രമിച്ചു. പോലീസ് ബാരിക്കേഡുകളും തകർത്ത പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ പ്രതിഷേധക്കാർ പോലീസിനുനേരെ കുപ്പികളെറിയുകയായിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത 400 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ക്ലാമാർട്ടിൽ അടുത്ത തിങ്കളാഴ്ച വരെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം മകന് നീതികിട്ടുംവരെ പ്രതിഷേധം തുടരുമെന്ന് നഹേലിന്റെ അമ്മ പറഞ്ഞു. ഗുരുതരസാഹചര്യം കണക്കിലെടുത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യാഴാഴ്ച രാവിലെ അടിയന്തര മന്ത്രിസഭായോഗം ചേർന്നിരുന്നു. ഇതിനിടെ പോലീസ് നടപടിയെ അപലപിച്ച് മനുഷ്യാവകാശ സംഘടനകൾ രം​ഗത്തെത്തി. സംഭവത്തിന് പിന്നാലെ പാരിസിന്റെ പ്രാന്തപ്രദേശങ്ങളിൽ ജീവിക്കുന്ന വംശീയന്യൂനപക്ഷങ്ങളെയും ദരിദ്രരായ ജനങ്ങളെയും പോലീസ് മോശം രീതിയിലാണ് പരിഗണിക്കുന്നതെന്ന തരത്തിൽ വ്യാപകവിമർശനം ഉയർന്നിട്ടുണ്ട്.

പാരിസിലെ നാന്റെയിലാണ് പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് ഇത് വടക്കൻ നഗരമായ ലില്ലെ, തെക്കുപടിഞ്ഞാറൻ നഗരമായ ടൗസൂൾ, ഡിജോൺ, ലയോൺ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. ടൗസൂളിലും ലില്ലെയിലും പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. പാരിസിലും പ്രാന്തപ്രദേശങ്ങളിലുമായി നിരവധി പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് ​ബസ് സർവീസുകൾ ഉൾപ്പെടെയുള്ളവ നിർത്തിവച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച രാവിലെയാണ് അൽജീരിയൻ വംശജനായ 17-കാരൻ നഹേലിനെ രണ്ട് പോലീസുകാർ വെടിവെച്ചുകൊന്നത്. ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു കൊന്നത്. പോലീസുകാരനുനേരെ നഹേൽ കാറോടിച്ച് കയറ്റാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നാണ് ആദ്യം പോലീസ് പറഞ്ഞിരുന്നത്. എന്നാൽ, സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസിന്റെ കള്ളം പൊളിയുകയായിരുന്നു.