Monday
22 December 2025
19.8 C
Kerala
HomeIndia‘ഏകീകൃത സിവിൽ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ്' മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ

‘ഏകീകൃത സിവിൽ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ്’ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ

ഏക സിവിൽ കോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ. യൂണിഫോം കോഡ് ആദ്യം ഹിന്ദുക്കൾക്ക് ബാധകമാക്കണമെന്നാണ് വിമർശനം. എല്ലാ ജാതിയിൽപ്പെട്ടവരെയും ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.

‘ഏകീകൃത സിവിൽ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ്. പട്ടികജാതി-വർഗ വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും രാജ്യത്തെ ഏത് ക്ഷേത്രത്തിലും പൂജ നടത്താൻ അനുവദിക്കണം’ – ഡിഎംകെയുടെ ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി ആദ്യം ഉത്തരം പറയണമെന്ന് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു.

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനം വർഗീയ കലാപത്തിൽ കത്തുകയാണ്. ഇക്കാര്യങ്ങളിൽ നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും കെ.സി വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഏക സിവിൽ കോഡ് ഭരണഘടന വിഭാവനം ചെയ്തതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.

ഏക സിവിൽ കോഡ് നിയമം നടപ്പാക്കാൻ സുപ്രിം കോടതി നിർദേശിച്ചിട്ടുള്ളതാണ്. ഒരു കുടുംബത്തിലെ ഓരോരുത്തർക്കും വ്യത്യസ്ത നിയമം ശരിയാണോയെന്നും മോദി ചോദിച്ചു. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നത് എന്നും അഴിമതിക്കെതിരായ നടപടിയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം എന്നും മോദി കൂട്ടിച്ചേർത്തു. കൂടാതെ മുത്താലാഖ് മൂലം കുടുംബങ്ങൾ ദുരിതലാകുന്നു, ഇസ്‌ലാമിക രാജ്യങ്ങൾപോലും മുത്തലാഖിന് എതിരാണ്, മുസ്ലിം സ്ത്രീകൾ തനിക്കൊപ്പമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments