കെ. ചന്ദ്രശേഖര റാവുവിന് കനത്ത തിരിച്ചടി; മുന്‍ മന്ത്രിയും മുന്‍ എംഎല്‍എയും ഉള്‍പ്പെടെ 12 പേർ കോണ്‍ഗ്രസിലേക്ക്

0
57

തെലങ്കാനയില്‍ കെ. ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിന് (ഭാരത് രാഷ്ട്ര സമിതി) കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് നേതാക്കള്‍ കൂട്ടമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മന്ത്രിയും മുന്‍ എംഎല്‍എയും ഉള്‍പ്പെടെ 12 പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് വെച്ചാണ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നേതാക്കളുടെ കോണ്‍ഗ്രസ് പ്രവേശന.

മുന്‍ ബിആര്‍എസ് നേതാവ് പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, സംസ്ഥാന മുന്‍ മന്ത്രി ജൂപള്ളി കൃഷ്ണ റാവു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. ഭരണകക്ഷിയായ ബിആര്‍എസില്‍ നിന്നുള്ള കൂടുതല്‍ പരും ബിജെപിയില്‍ നിന്നുള്ള ചിലരും കോണ്‍ഗ്രസിലേക്ക് എത്തുമെന്നാണ് സൂചന. ശ്രീനിവാസ് റെഡ്ഡി, ജുപള്ളി കൃഷ്ണ റാവു, മുന്‍ എംഎല്‍എമാരായ പനയം വെങ്കിടേശ്വര്ലു, കോരം കനകയ്യ, കോട റാം ബാബു തുടങ്ങിയ 12 നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിആര്‍എസ് എംഎല്‍എ നര്‍സ റെഡ്ഡിയുടെ മകന്‍ രാകേഷ് റെഡ്ഡിയും കോണ്‍ഗ്രസില്‍ ചേര്‍ന്നവരുടെ പട്ടികയിലുണ്ട്.

ഏപ്രിലില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോംഗുലേട്ടി ശ്രീനിവാസ് റെഡ്ഡിയെയും ജുപള്ളി കൃഷ്ണ റാവുവിനെയും ബിആര്‍എസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കര്‍ണാടകയിലെ വന്‍ വിജയത്തിന് ശേഷം തെലങ്കാന കോണ്‍ഗ്രസിന് അനുകൂലമായ നിലപാടുകളാണ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം അവസാനത്തോടെ നിയമ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കൂടുമാറിയുള്ള ചേക്കേറല്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിആര്‍എസിന്റെ നീക്കം. അതേസമയം പട്‌നയില്‍ നടന്ന മെഗാപ്രതിപക്ഷ യോഗത്തില്‍ ബിആര്‍എസ് പങ്കെടുത്തിരുന്നില്ല. ആരെയെങ്കിലും അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ട്ടികള്‍ വെപ്രാളപ്പെടുകയാണെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു ബിആര്‍എസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.