പ്ലാസ്റ്റിക് കുപ്പി വിഴുങ്ങിയ മൂർഖൻ പാമ്പിനെ രക്ഷിക്കാൻ ശസ്ത്രക്രിയ നടത്തി വെറ്ററിനറി ഡോക്ടർമാരുടെ വിദഗ്ധ സംഘം. ലിറ്റിൽ പോസിൽ (Little Paws) നിന്നുള്ള ഡോക്ടർ യശസ്വി നരവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. മൂർഖൻ പാമ്പ് അബദ്ധത്തിൽ വിഴുങ്ങിപ്പോയ ചെറിയ പ്ലാസ്റ്റിക് കുപ്പി നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് ശസ്ത്രക്രിയ നടത്തിയത്. വിജയകരമായി പൂർത്തിയാക്കിയ ശസ്ത്രക്രിയയിലൂടെ ഒടുവിൽ കുപ്പി പുറത്തെടുത്തു.
ഡോക്ടർ യശസ്വി പറയുന്നതനുസരിച്ച്, സ്നേക്ക് കിരൺ എന്നറിയപ്പെടുന്ന ബണ്ട്വാളിൽ നിന്നുള്ള രക്ഷാപ്രവർത്തകനാണ് മൂർഖനെ ആദ്യം മാളത്തിൽ കണ്ടത്. രണ്ട് ദിവസമായിട്ടും പാമ്പ് ചലനമില്ലാതെ മാളത്തിൽ തന്നെ കിടക്കുന്നതുകൊണ്ട് സംശയം തോന്നി കിരൺ പാമ്പിനെ ഡോക്ടർ യശസ്വിയുടെ ക്ലിനിക്കിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂർഖന്റെ ശരീരത്തിൽ രണ്ട് വലിയ മുറിവുകളും വാൽ ഭാഗത്ത് അസാധാരണമാംവിധം വലിയ മുഴയും കണ്ടെത്തിയത് തുടർന്ന് റേഡിയോഗ്രാഫിലൂടെ വാൽഭാഗത്തായി പ്ലാസ്റ്റിക് കുപ്പി കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തുകയായിരുന്നു.
ജൂൺ നാലിനാണ് അനസ്തേഷ്യ നൽകി മയക്കി കിടത്തിയതിനു ശേഷം ശസ്ത്രക്രിയ നടത്തി പ്ലാസ്റ്റിക് കുപ്പി പുറത്തെടുത്തത്. പാമ്പ് കുപ്പി വിഴുങ്ങിയത് എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് വെറ്ററിനറി ഡോക്ടർമാർ അടക്കമുള്ളവർ ആശ്ചര്യം പ്രകടിപ്പിച്ചു. പ്ലാസ്റ്റിക് കുപ്പിക്ക് പുറമേ ഏതാനും മുട്ട തോടുകളും പാമ്പിന്റെ വയറിനുള്ളിൽ കണ്ടെത്തി. ജനവാസ മേഖലയിൽ നിന്നും മുട്ടകൾ കഴിക്കുന്നതിനിടയിൽ പ്ലാസ്റ്റിക് കുപ്പി അബദ്ധത്തിൽ പാമ്പ് വിഴുങ്ങിയത് ആയിരിക്കാം എന്നാണ് ഡോക്ടർമാർ കരുതുന്നത്. തുടർന്ന് പാമ്പ് മാളത്തിൽ അഭയം പ്രാപിച്ചതായിരിക്കാം എന്നും ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പാമ്പിൻറെ ആരോഗ്യം പൂർവസ്ഥിതിയിലേക്ക് വരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.