മൺസൂൺ ആദ്യം ബാധിക്കുന്നത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും ഉപഭോഗ നിലവാരത്തെയും ആണ്. ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വ്യാപിക്കുന്ന മൺസൂൺ 2023-ൽ ആരംഭിച്ചെങ്കിലും അൽപം കുറവാണ് അതിൽ കാണുന്നത്. 2023ൽ എൽ നിനോ ഉണ്ടാകുമെന്ന് പലരും സംശയിക്കുന്നതിനാൽ ഈ കുറവ് പ്രാധാന്യമർഹിക്കുന്നു. എൽ നിനോ മൺസൂൺ മഴയെ അടിച്ചമർത്തുന്നതായിട്ടാണ് അറിയപ്പെടുന്നത്.
ഇന്ത്യയുടെ ഭൂപടത്തിൽ കാണിക്കുന്നത് പോലെ, ജൂൺ ആദ്യ രണ്ടാഴ്ചയിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയിൽ കുറവുണ്ട്. (ഓറഞ്ച് നിറമുള്ള പ്രദേശങ്ങൾ) ” ഭയങ്കരമായി കുറഞ്ഞ” (മഞ്ഞ നിറമുള്ള പ്രദേശങ്ങൾ) പ്രദേശങ്ങളുമുണ്ട്. മൊത്തത്തിൽ, മൺസൂൺ ദീർഘകാല ശരാശരിയേക്കാൾ (എൽപിഎ)37 ശതമാനം താഴെയാണ്. മഴ കുറവുള്ള പ്രദേശങ്ങളിൽ (ഓറഞ്ച്) എൽപിഎയെക്കാൾ 20 ശതമാനം മുതൽ 59 ശതമാനം വരെ മഴ കുറവാണ്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രകാരം മഴയുടെ എൽപിഎ എന്നത്, “ഒരു നിശ്ചിത ഇടവേളയിൽ ഒരു പ്രദേശത്ത് രേഖപ്പെടുത്തിയ മഴയുടെ (മാസം അല്ലെങ്കിൽ സീസൺ പോലെ) 30 വർഷം, 50 വർഷത്തെ ശരാശരിയാണ്.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എൽപിഎ എന്നത് ഒരു പ്രദേശത്ത് ലഭിക്കുന്ന ശരാശരി മഴയുടെ അളവാണ്.
അതിന്റെ കണക്കുകൂട്ടൽ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രത്യേക സീസണിലെ മഴയുടെ പ്രവചനം അല്ലെങ്കിൽ വിലയിരുത്തൽ സമയത്ത് എൽപിഐ ഒരു മാനദണ്ഡമായി പ്രവർത്തിക്കുന്നു.
മഴയിലെ കുറവ് എത്രത്തോളം ബാധിക്കും?
മഴയുടെ പ്രധാന നിരീക്ഷകരും പ്രവചകരുമായ ഐഎംഡിയും സ്കൈമെറ്റും ജൂൺ രണ്ടാം പകുതിയിൽ ആവശ്യത്തിന് മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഴ കുറയുന്ന അവസ്ഥയിൽ തന്നെയാണെങ്കിലും തുടരുകയാണെങ്കിൽപ്പോലും, ജൂണിലെ ഈ കുറവ് മുഴുവൻ മൺസൂൺ കാലത്തെ മൊത്തത്തിൽ ബാധിക്കില്ല എന്നാണ് മുൻകാല വിശകലനങ്ങൾ സൂചിപ്പിക്കുന്നത്.
നോമുറ ഗവേഷണ കുറിപ്പിൽ മിഹിർ പി. ഷായും അൻഷുമാൻ സിങ്ങും കഴിഞ്ഞ 20 വർഷത്തെ (അതായത് 2002-22) മൺസൂൺ കാലത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ആരംഭത്തിൽ മഴ കുറയുന്ന ഇത്തരം 10 സംഭവങ്ങൾ അതിൽ പറയുന്നു. ജൂൺ മാസത്തിൽ അതിൽ എൽപിഎയെക്കാൾ താഴെയാണ് ലഭിച്ച മഴയുടെ കണക്കുകൾ. എന്നിരുന്നാലും, 10 സന്ദർഭങ്ങളിൽ ഏഴിലും, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നല്ല വീണ്ടെടുപ്പോടെ മൺസൂൺ സാധാരണമായിരുന്നു.
ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതെങ്ങനെ?
ഖാരിഫ് വിളകൾ (അരി, ചോളം, മില്ലെറ്റ് തുടങ്ങിയവ) വിതയ്ക്കുന്നതിലെ കാലതാമസമാണ് മഴക്കുറവിന്റെ ആദ്യ ആഘാതം. കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിലും അത് ഭയാനകമല്ലെന്ന് നോമുറ റിപ്പോർട്ട് ചെയ്യുന്നു.
“2023ൽ, കാർഷിക സീസണിൽ ഏപ്രിലിൽ റാബി വിളവെടുപ്പിൽ കാലതാമസം നേരിട്ടു. കാലവർഷം വൈകിയതും ഖാരിഫ് വിളകൾ വിതയ്ക്കുന്നതിന്റെ കാലതാമസത്തിന് കാരണമായി. ജൂണിലെ ആദ്യ രണ്ടാഴ്ചയിലെ ഖാരിഫ് വിതയ്ക്കൽ ഡാറ്റ 2022 ലെവലിൽ നിന്നു വളരെ താഴെയാണ്. മൺസൂൺ സാധാരണ നിലയിലേക്ക് എത്തുന്നതോടെ അടുത്ത 3-4 ആഴ്ചകളിൽ വിതയ്ക്കൽ പ്രവർത്തനങ്ങൾ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മൺസൂൺ കുറയുമ്പോഴോ വൈകുമ്പോഴോ ഉള്ള രണ്ടാമത്തെ വലിയ ആശങ്ക, ജലസേചനത്തെ പിന്തുണയ്ക്കേണ്ട ജലസംഭരണികളുടെ നിലയാണ്. ഈ കണക്കിൽ ഇന്ത്യ മികച്ച നിലയിലാണ്. റിസർവോയർ ലെവൽ 10 വർഷത്തെ ശരാശരിക്ക് മുകളിലാണ്.
മോശം മൺസൂൺ ആദ്യം ബാധിക്കുന്നത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും ഉപഭോഗ നിലവാരത്തെയും ആണ്. നിലവിലെ സ്ഥിതിയിൽ, ഉപഭോഗ നിലവാരത്തിന്റെ കാര്യത്തിൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടാണ് ഇന്ത്യയുടെ, പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയിൽ മൺസൂൺ മഴ വളരെ നിർണായകമാകുന്നത്.