Friday
19 December 2025
29.8 C
Kerala
HomeKeralaമഹാത്മാ അയ്യങ്കാളിയെ അപമാനിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റിനെതിരെ പൊലീസ് കേസെടുത്തു

മഹാത്മാ അയ്യങ്കാളിയെ അപമാനിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റിനെതിരെ പൊലീസ് കേസെടുത്തു

നവോത്ഥാന നായകന്‍ മഹാത്മാ അയ്യങ്കാളിയെ സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ അപമാനിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. എസ്‌സി, എസ്ടി കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അയ്യങ്കാളിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പേജിനെതിരെ കുന്ദമംഗലം മുന്‍ എംഎല്‍എ യു സി രാമനും ഇന്ത്യൻ ലേബർ പാർട്ടി അടക്കമുള്ള വിവിധ സംഘടനകളും പരാതി നല്‍കിയിരുന്നു.

പരാതിയില്‍ കേസെടുത്ത് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. സിറ്റി കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. നടപടിയെടുക്കാന്‍ മന്ത്രി കെ രാധാകൃഷ്ണനും നിര്‍ദേശം നല്‍കി.

‘പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി മരണം വരെ പോരാടിയ നേതാവാണ് അയ്യങ്കാളി. അദ്ദേഹത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് അപകീര്‍ത്തികരമായി പ്രചരിപ്പിക്കുകയാണ് ‘കുകുച’ എന്ന പേസ്ബുക്ക് പേജ് വഴി ചെയ്തിരിക്കുന്നത്. കോബ്ര കൈ എന്ന ഐഡിയില്‍ നിന്നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മരണപ്പെട്ടുപോയ ഒരു സാമൂഹിക നവോത്ഥാന നായകനെതിരെ ഇത്തരമൊരു പോസ്റ്റിട്ടത് മുഴുവന്‍ സമുദായത്തേയും ഒരു ജനവിഭാഗത്തെയും അവഹേളിക്കുകയും അപമാനിക്കുകയും മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണ്.’- യുസി രാമന്റെ പരാതിയില്‍ പറയുന്നു.

അയ്യങ്കാളിയെ സാമൂഹികമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കെപിഎംഎസ് അടക്കമുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

RELATED ARTICLES

Most Popular

Recent Comments