യൂട്യൂബർമാരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 25 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പെന്ന് റിപ്പോർട്ട്. മാസങ്ങളോളം നിരീക്ഷണം നടത്തിയശേഷമാണ് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം വ്ലോഗർമാരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.
സംസ്ഥാനത്തെ അറിയപ്പെടുന്ന 30 വ്ലോഗർമാരുടെ അക്കൗണ്ടുകൾ മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിന് ഇറങ്ങിയത്. 30 പേരിൽനിന്ന് 13 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയാണ് പരിശോധന തുടങ്ങിയത്. മാസം രണ്ടുകോടിയിലേറെയാണ് യൂട്യൂബർമാരുടെ വരുമാനമെന്ന് പരിശോധനയിൽ വ്യക്തമായി. എന്നാൽ ഇവരിൽ ചിലർ ഇതുവരെ ഒറ്റപ്പൈസ പോലും നികുതി അടച്ചിട്ടില്ലെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി.
ഇതോടെ നികുതി അടക്കാൻ തയാറാവാത്ത വ്ലോഗർമാർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. വ്ലോഗർമാരിൽ ചിലർ കൃത്യമായി ആദായനികുതി റിട്ടേൺ സമർപ്പിക്കാറുണ്ടെങ്കിലും, ഇത്തരത്തിലുള്ള വരുമാനം മറച്ചുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം വ്ലോഗർമാർക്ക് നൽകുന്ന വേതനത്തെക്കുറിച്ച് യൂട്യൂബ് ഉൾപ്പടെയുള്ള സേവനദാതാക്കളുടെ പക്കൽ കൃത്യമായ കണക്കുണ്ട്.
നിരീക്ഷണത്തിൽ സംശയം തോന്നി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയ 13 വ്ലോഗർമാരോടെ വരുമാനം സ്രോതസ് വെളിപ്പെടുത്താൻ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ നൽകുന്ന കണക്ക് വരുമാനസ്രോതാക്കളിൽനിന്ന് ലഭിക്കുന്ന കണക്കുമായി ഒത്തുനോക്കും. ഇതുപ്രകാര നികുതി അടയ്ക്കാത്ത വ്ലോഗർമാരുടെ അക്കൗണ്ടുകള്‍ നീക്കാൻ ആദായനികുതി വകുപ്പ് നടപടി കൈക്കൊള്ളുമെന്നാണ് റിപ്പോർട്ട്.