Tuesday
23 December 2025
29.8 C
Kerala
HomeKeralaപരിശോധന കർശമാക്കി കെഎസ്ആർടിസി വിജിലൻസ് വിഭാ​ഗം

പരിശോധന കർശമാക്കി കെഎസ്ആർടിസി വിജിലൻസ് വിഭാ​ഗം

കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാ​ഗം പരിശോധനകർശനമാക്കിയപ്പോൾ പിടിക്കപ്പെട്ടത് നിരവധി കുറ്റകൃത്യങ്ങൾ . ടിക്കറ്റ് സംബന്ധമായ ക്രമക്കേടിൽ കൈയ്യോടെ പിടി കൂടിയ കെഎസ്ആർടിസി സ്വിഫ്റ്റിലെ കണ്ടക്ടറെ പിരിച്ചു വിടുകയും ചെയ്തു.

ജൂൺ മാസം 1 മുതൽ 20 വരെ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിലായി 27,813 ബസുകളിലാണ് വിജിലൻസ് വിഭാ​ഗം പരിശോധന നടത്തിയത്. ഇതിൽ ടിക്കറ്റ് സംബന്ധമായ 131 എണ്ണം ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ജൂൺ 13 ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ KS 153 കണിയാപുരം – കിഴക്കേക്കോട്ട് എന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്ത 2 യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാതെ പണാപഹരണം നടത്തിയ കണ്ടക്ടർ എസ്.ബിജുവിനെ പിടികൂടുകയും അന്നുതന്നെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ നിന്നും പിരിച്ചുവിടുകയും ഇയാൾക്കെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പൊതുപണം അപഹരിച്ചതിന് കേസ് ചാർജ്ജ് രജിസ്ട്രർ ചെയ്യുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടർ പി.ആർ.ജോൺകുട്ടി, അടൂർ യൂണിറ്റിലെ കണ്ടക്ടർ കെ.മോഹനൻ എന്നിവർ യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാത്തതിന് സസ്പെൻഡ് ചെയ്യുകയും പണാപഹരണം നടത്തിയതിന് ആലപ്പുഴ, കൊട്ടാരക്കര എന്നീ പോലീസ് സ്റ്റേഷനുകളിൽ പൊതുപണം അപഹരിച്ചതിന് കേസ് ചാർജ്ജ് ചെയ്യുകയും ചെയ്തു.

കൂടാതെ ഇതേ കാലയളവിൽ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേൽ 10 ജീവനക്കാരെ കൂടി സസ്പെൻഡ് ചെയ്തു. അകാരണമായി ആറ് സർവ്വീസുകൾ റദ്ദാക്കിയ കോന്നി യൂണിറ്റിലെ ഇൻസ്പെക്ടർ വി.ജി ബാബു, സ്റ്റേഷൻ മാസ്റ്റർ സി. എ ​ഗോപാലകൃഷ്ണൻ നായർ, പണം ഈടാക്കിയിട്ട് ടിക്കറ്റ് നൽകാതിരുന്ന തൃശ്ശൂർ യൂണിറ്റിലെ കണ്ടക്ടർ ബിജു തോമസ്, മേലധികാരിയുടെ നിർദ്ദേശമില്ലാതെ സ്വന്തമായി സർവ്വീസ് റദ്ദാക്കിയ പൂവ്വാർ യൂണിറ്റിലെ കണ്ടക്ടർ ബി.വി മനു, ഡ്രൈവർ അനിൽകുമാർ എസ്, സ്റ്റേഷൻ പരിസരത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ഈരാറ്റുപേട്ട യൂണിറ്റിലെ ഡ്രൈവർ റെജി ജോസഫ്, മെഡിക്കൽ സർട്ടിഫിക്കറ്റിൽ കൃത്രിമം കാട്ടിയ ചങ്ങനാശ്ശേരി യൂണിറ്റിലെ ഡ്രൈവർ പി.സൈജു, അസിസ്റ്റൻഡ് ട്രാൻസ്പോർട്ട് ഓഫീസറോട് മോശമായി പെരുമാറി ഭീഷണപ്പെടുത്തിയ വൈക്കം യൂണിറ്റിലെ കണ്ടക്ടർ ബി. മം​ഗൾ വിനോദ്, ഇ ടിഎം തകരാറിലായതിനാൽ . തന്നിഷ്ടപ്രകാരം സർവ്വീസ് റദ്ദാക്കിയ പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ ജോസ്, ഏഴ് യാത്രക്കാർ മാത്രമുണ്ടായിരുന്ന ബസിൽ ഒരു യാത്രക്കാരിൽ നിന്നും പണം ഈടാക്കാതെയും, ടിക്കറ്റ് നൽകാതെയും സൗജന്യയാത്ര അനുവദിച്ച ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ ഇ ജോമോൾ, എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

ടിക്കറ്റെടുക്കാതെ യാത്രചെയ്ത 17 യാത്രക്കാരിൽ നിന്നും സർക്കാർ ഉത്തരവ് അനുസരിച്ച് 500/- രൂപ വീതം പിഴയിനത്തിൽ ആകെ 8500/- രൂപ ഈടാക്കുകയും ചെയ്തു. കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം പരിശോധന കർശനമാക്കി വരുമാന ചോർച്ച കണ്ടുപിടിക്കുകയും അതുവഴി കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഉയർത്തുന്നതിനും വേണ്ട കൃത്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്. പണാപഹരണം നടത്തുന്ന ജീവനക്കാരെ കണ്ടുപിടിച്ച് പിരിച്ചുവിടൽ നടപടി സ്വീകരിക്കുന്നതിന് പുറമേ പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ തുടരുമെന്നും സിഎംഡി അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments