Tuesday
23 December 2025
31.8 C
Kerala
HomeIndiaമണിപ്പൂർ കലാപം: മോദിയുടെ മൗനത്തിനു പ്രതിഷേധമായി യോഗദിനത്തിൽ മോദിയുടെ കോലം കത്തിച്ചു

മണിപ്പൂർ കലാപം: മോദിയുടെ മൗനത്തിനു പ്രതിഷേധമായി യോഗദിനത്തിൽ മോദിയുടെ കോലം കത്തിച്ചു

മണിപ്പുരിൽ കലാപം തുടരുന്നതിനിടെ പടിഞ്ഞാറൻ ഇംഫാൽ ജില്ലയിലെ ബൊൽജാങ്ങിൽ രണ്ട്‌ സൈനികർക്ക്‌ വെടിയേറ്റു. പരിക്ക്‌ ഗുരുതരമല്ലെന്നും പ്രദേശത്ത്‌ കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചതായും അധികൃതർ പറഞ്ഞു. കിഴക്കൻ ഇംഫാലിലെ ഉരങ്‌പതിലും ഏറ്റുമുട്ടലുണ്ടായി. പലയിടത്തും സ്‌ത്രീകൾ അടക്കമുള്ളവർ റോഡ്‌ ഉപരോധിച്ചു. സംഘർഷബാധിത പ്രദേശങ്ങളിൽ കിടങ്ങുകൾകുഴിച്ച്‌ സുരക്ഷാസേനയും പ്രാദേശിക വളന്റിയർമാരും കാവൽ നിൽക്കുകയാണ്‌.

മണിപ്പുർ വിഷയത്തിൽ നരേന്ദ്ര മോദിയുടെ മൗനത്തിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്‌. വിവിധ സംഘടനകൾ അന്താരാഷ്ട്ര യോഗദിനം ബഹിഷ്‌കരിച്ച്‌ മോദിയുടെ കോലം കത്തിച്ചു. നൂറിൽപ്പരം പേർ കൊല്ലപ്പെടുകയും 5000ൽപ്പരം വീടുകൾ ആക്രമിക്കപ്പെടുകയും ചെയ്‌തിട്ടും പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടിയിട്ടില്ലെന്ന്‌ ‘തൗബൽ അപുൻബ ലുപ്‌’ എന്ന സംഘടനയുടെ സെക്രട്ടറി ജിബൻകുമാർ പറഞ്ഞു.

നാഗാ സമൂഹത്തിനുനേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ യുണൈറ്റഡ്‌ നാഗാ കൗൺസിലും ഇതര സംഘടനകളും അപലപിച്ചു. പടിഞ്ഞാറൻ ഇംഫാലിൽ സുരക്ഷാസേനയുടെ കൺമുന്നിലിട്ട്‌ നാഗാ വംശജന്റെ വീട്‌ കത്തിച്ചിരുന്നു. റോങ്‌മേയി നാഗാ പള്ളിക്ക്‌ തീയിട്ടു. തുനൗപോക്‌പി ഗ്രാമത്തിൽ യുവതിയെ മർദിച്ചു കൊന്നു. ചന്ദേൽ ജില്ലയിൽ മെഡിക്കൽ ജീവനക്കാരായ നാഗാ വംശജരെ ആക്രമിച്ചതായും ഓൾ നാഗാ സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷൻ അറിയിച്ചു. ഇതിനിടെ കുക്കി, നാഗാ വിഭാഗങ്ങളിലെ എംഎൽഎമാർ തമ്മിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. മണിപ്പുരിലെ നാഗാ എംഎൽഎമാർ കഴിഞ്ഞ 25ന്‌ നാഗാലാൻഡ്‌ മുഖ്യമന്ത്രി നെയ്‌ഫൂ റിയോയുമായി കൂടിക്കാഴ്‌ച നടത്തിയ വിവരവും പുറത്തുവന്നു.

സർവകക്ഷിയോഗം നാളെ
കലാപം കത്തുന്ന മണിപ്പുരിലെ സാഹചര്യങ്ങൾ ചർച്ചചെയ്യാൻ സർവകക്ഷിയോഗം വിളിച്ച്‌ കേന്ദ്ര സർക്കാർ. ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ ആഭിമുഖ്യത്തിൽ ശനിയാഴ്‌ച പാർലമെന്റ്‌ ലൈബ്രറി മന്ദിരത്തിലാണ്‌ യോഗം. വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ പ്രതിപക്ഷം ശക്തമായ കടന്നാക്രമണം നടത്തിയതിന്‌ പിന്നാലെയാണ്‌ നടപടി. കഴിഞ്ഞമാസം ആഭ്യന്തരമന്ത്രി മണിപ്പുർ സന്ദർശിച്ച്‌ മെയ്‌ത്തീ, കുക്കി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, പല മേഖലകളിലും വീണ്ടും അക്രമസംഭവങ്ങൾ തുടരുകയാണ്‌.

RELATED ARTICLES

Most Popular

Recent Comments