മണ്ഡലപുനർനിർണയം: ആസാമിൽ പുതിയ അസംബ്ലി, പാർലമെന്റ് സീറ്റുകൾ വേണമെന്ന് ശുപാർശ; മാറ്റങ്ങൾ എങ്ങനെ?

0
43

ആസാമിലെ നിയമസഭാ സീറ്റുകളുടെ എണ്ണം 126 ആയും ലോക്‌സഭാ സീറ്റുകളുടെ എണ്ണം14 ആയും നിലനിർത്താനും മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം നടത്താനുമുള്ള കരടുനിർദേശം തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission of India) മുന്നോട്ടു വെച്ചിരിക്കുകയാണ്. കരടു നിർദേശ പ്രകാരം റൂറൽ ഏരിയയിൽ ഗ്രാമവും നഗരപ്രദേശങ്ങളിൽ വാർഡുമായിരിക്കും ഏറ്റവും താഴേത്തട്ടിലുള്ള ഭരണവിഭാഗം.

എന്താണ് മണ്ഡലപുനർനിർണയം?

പാര്‍ലമെന്റ് മണ്ഡലങ്ങളുടെയും നിയമസഭാ നിയോജകമണ്ഡലങ്ങളുടെയും പുനര്‍നിര്‍ണയമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ജനസംഖ്യാനുസൃതമായി സീറ്റുകള്‍ അനുവദിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നത്. സെന്‍സസിന് ശേഷമാണ് ഈ പുനര്‍ നിര്‍ണയം നടത്തേണ്ടത്.

ഇന്ത്യയില്‍ 2011ലാണ് അവസാന സെന്‍സസ് നടന്നത്. അടുത്ത സെന്‍സസ് 2021ലായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനവും അതേത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളും കാരണം സെന്‍സസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. സെന്‍സസ് എന്ന് നടത്തുമെന്ന കാര്യത്തില്‍ സര്‍ക്കാരും മൗനം പാലിക്കുകയാണ്. ഇതിനെ എതിര്‍ത്ത് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ 1952 ലാണ് ആദ്യമായി മണ്ഡല പുനര്‍നിര്‍ണയം നടന്നത്. 1951ലെ സെന്‍സസിന് തൊട്ടു പിന്നാലെയായിരുന്നു ഇത്. ഇതിന് ശേഷം 494 ലോക്‌സഭാ സീറ്റുകള്‍ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. പിന്നീട് 1956ലെ സംസ്ഥാന പുനസംഘടനയ്ക്ക് ശേഷവും മണ്ഡല പുനര്‍നിര്‍ണയം നടത്തിയിരുന്നു. 1963 ലായിരുന്നു ഇത്. അതിനു ശേഷം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 522 ആയി ഉയരുകയും ചെയ്തു. 1973-ലാണ് ഏറ്റവും അവസാനത്തെ മണ്ഡല നിര്‍ണയം നടത്തിയത്. ഇതിലൂടെയാണ് ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ആയി നിജപ്പെടുത്തിയത്.

2001ല്‍ ചില ലോക്സഭാ നിയോജക മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം നടത്തിയിരുന്നു. നിയോജക മണ്ഡലങ്ങളുടെ ജനസംഖ്യയിലുള്ള തുല്യത ഉറപ്പുവരുത്താനായിരുന്നു ഇത് നടത്തിയത്. അന്ന് നിയോജകമണ്ഡലങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. ചില സംസ്ഥാനങ്ങളിലെ ജനസംഖ്യയിലെ വ്യത്യാസമാണ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം പുറപ്പെടുക്കാന്‍ കാരണം.

ആസാമിലെ മണ്ഡലപുനർനിർണയത്തെക്കുറിച്ച് തിരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞതെന്ത്?

ഭരണഘടനയുടെ ആർട്ടിക്കിൾ 170, ആർട്ടിക്കിൾ 82 എന്നിവ പ്രകാരം 2001 ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ അസംബ്ലി, പാർലമെന്റ് മണ്ഡലങ്ങളുടെയും അതിർത്തി പുനർനിർണയിക്കുന്നത് എന്നാണ് തിരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞിരിക്കുന്നത്. നിയോജക മണ്ഡലങ്ങളുടെ അതിർത്തി മാറുമെങ്കിലും, സംസ്ഥാനത്തെ നിയമസഭാ സീറ്റുകളുടെയും ലോക്‌സഭാ സീറ്റുകളുടെയും ആകെ എണ്ണത്തിൽ മാറ്റം ഉണ്ടാകില്ല.

ആസാമിലെ മാറ്റം എങ്ങനെ ?

ഈ കരടു നിർദേശം നടപ്പിലായാൽ ആസാമിൽ പുതിയ നിയമസഭാ, ലോക്സഭാ മണ്ഡലങ്ങൾ ഉണ്ടാകും. എന്നാൽ ഇവയുടെ ആകെ എണ്ണത്തിൽ മാറ്റം വരുന്നുമില്ല. അതായത്, ബോഡോലാൻഡിലെ അസംബ്ലി സീറ്റുകൾ 16ൽ നിന്ന് 19 ആയി ഉയരും. വെസ്റ്റ് കർബി ആംഗ്ലോങ് ജില്ലയിൽ ഒരു നിയമസഭാ സീറ്റും വർദ്ധിക്കും. പക്ഷേ, സംസ്ഥാനത്തെ ആകെ നിയമസഭാ, ലോക്സഭാ സീറ്റുകളുടെ എണ്ണം അതേപടി നിലനിൽക്കുകയും ചെയ്യും. ചില മണ്ഡലങ്ങൾ മാറി, പകരം പുതിയ ചിലത് വരും.

ലോക്സഭാ സീറ്റുകളുടെ കാര്യം എടുത്താൽ, രണ്ട് ലോക്‌സഭാ സീറ്റുകൾ ബരാക് വാലി ജില്ലകൾക്ക് ( Barak Valley districts) നൽകും. തേസ്പൂർ ലോക്സഭാ മണ്ഡലത്തിനു പകരം സോനിത്പൂർ വരും. കാസിരംഗ, ദിഫു, ദരംഗ് എന്നിവയാകും ആസാമിലെ മറ്റ് പുതിയ ലോക്സഭാ മണ്ഡലങ്ങൾ.

പട്ടികജാതിക്കാർക്കുള്ള നിയമസഭാ സീറ്റുകൾ എട്ടിൽ നിന്ന് ഒമ്പതായി ഉയരുകയും പട്ടികവർഗക്കാർക്കുള്ളത് 16 ൽ നിന്ന് 19 ആയി ഉയരുകയും ചെയ്യും. അടുത്ത മാസം തിരഞ്ഞെടുപ്പു കമ്മീഷൻ വീണ്ടും ആസാം സന്ദർശിക്കുകയും ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം ആരായുകയും ചെയ്യും. മുൻപ്, മാർച്ചിലും സംഘം സംസ്ഥാനം സന്ദർശിച്ചിരുന്നു. അന്ന് 11 രാഷ്ട്രീയ പാർട്ടികളിൽ നിന്നും 71 സംഘടനകളിൽ നിന്നും തിരഞ്ഞെടുപ്പു കമ്മീഷന് നിവേദനം ലഭിച്ചിരുന്നു.