പശ്ചിമ ബംഗാളിൽ സംഘർഷത്തിനിടെ പ്രാദേശിക തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. മുസ്തഫ ഷെയ്ഖ് എന്നയാളാണ് മാൾഡ ജില്ലയിലെ സുജാപൂരിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേന്ദ്രമന്ത്രി നിഷിത് പ്രമാണികിനും സംഘർഷത്തിനിടെ മർദ്ദനമേറ്റതായി റിപ്പോർട്ടുണ്ട്. മുൻ പഞ്ചായത്ത് പ്രധാൻ ആണ് കൊല്ലപ്പെട്ട മുസ്തഫ.
കൊലപാതകത്തിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മുസ്തഫ ഷെയ്ഖിന്റെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു. കാബിനറ്റ് മന്ത്രി സബീന യെസ്മിൻ കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം വ്യാപിക്കുകയാണ്.
മുസ്തഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ മജിസ്ട്രേറ്റിൽ നിന്നും മാൾഡ ജില്ലാ പൊലീസ് സൂപ്രണ്ടിൽ നിന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കുകയാണ് ബംഗാളിൽ വ്യാപക സംഘർഷം ഉണ്ടായത്. ഗവർണർ സി വി ആനന്ദ ബോസ് സംഘർഷം ഉണ്ടായ പ്രദേശങ്ങളിൽ ഇന്നും സന്ദർശനം നടത്തി. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഗവർണർ പറഞ്ഞു.
സാഹിബ് ഗഞ്ചിൽ തൃണമൂൽ കോൺഗ്രസ് ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ബ്ലോക്ക് വികസന ഓഫീസറുടെ ഓഫീസിനു പുറത്തുണ്ടായ ഏറ്റുമുട്ടലിൽ, കേന്ദ്രമന്ത്രി നിഷിത് പ്രമാണിക് ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഉണ്ടായ സംഘർഷത്തിൽ, രണ്ടു തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും, ഒരു സിപിഐഎം പ്രവർത്തകനും അടക്കം നാലുപേർ കൊല്ലപ്പെട്ടിരുന്നു.പൊലീസ് നടത്തിയ റെയ്ഡിനിടെ ക്രൂഡ് ബോംബുകളും നാടൻ തോക്കുകളും വ്യാപകമായി കണ്ടെടുത്തു. ജൂലൈ എട്ടിനാണ് ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.