യാത്രക്കാരുടെ വസ്തുവകകള്‍ മോഷണം പോയത് റെയില്‍വേയുടെ സേവനത്തിലെ പോരായ്മയായി കാണാനാവില്ലെന്ന് സുപ്രീം കോടതി

0
42

ട്രെയിനില്‍ യാത്രക്കാരുടെ വസ്തുവകകള്‍ മോഷണം പോയത് റെയില്‍വേയുടെ സേവനത്തിലെ പോരായ്മയായി കാണാനാവില്ലെന്ന് സുപ്രീം കോടതി.

മോഷണത്തിലൂടെ പണം നഷ്ടപ്പെട്ട യാത്രികന് റീഫണ്ട് നല്‍കാനുള്ള കണ്‍സ്യൂമര്‍ ഫോറം വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.

മോഷണം എങ്ങനെയാണ് സേവനത്തിലെ പോരായ്മയാവുന്നതെന്നു മനസ്സിലാവുന്നില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്‌സാനുദ്ദീന്‍ അമാനുള്ള എന്നിവര്‍ പറഞ്ഞു. സ്വന്തം വസ്തുവകള്‍ സംരക്ഷിക്കുന്നതില്‍ യാത്രക്കാര്‍ പരാജയപ്പെട്ടാല്‍ റെയില്‍വേ അതിന് ഉത്തരവാദി എന്നു പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ട്രെയിനില്‍ വച്ച്‌ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട സുരേന്ദ്ര ഭോല എന്ന യാത്രികന്റെ പരാതിയിലാണ്, റെയില്‍വേ പണം മടക്കി നല്‍കണമെന്ന് ഉപഭോക്തൃ ഫോറം ഉത്തരവിട്ടത്. ബെല്‍റ്റിലെ അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന പണം യാത്രക്കിടെ നഷ്ടമായെന്നാണ് ഭോല പരാതി നല്‍കിയത്.

ജില്ലാ ഉപഭോക്തൃ ഫോറത്തിന്റെ വിധിക്കെതിരെ റെയില്‍വേ സംസ്ഥാന കമ്മിഷനിലും ദേശീയ കമ്മീഷനിലും അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അനുകൂല വിധി ലഭിച്ചില്ല. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.