അദാലത്തിൽ നൽകിയ വാക്കുപാലിച്ച് മന്ത്രി സജി ചെറിയാൻ:ആദിത്യക്കും മിഥുനും ലാപ്ടോപ്പായി

0
73

ആദിത്യക്കും മിഥുനും ലാപ്ടോപ്പ് നൽകാമെന്ന് അദാലത്തിൽ നൽകിയ വാക്കുപാലിച്ച് ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂർ താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലാണ് മക്കൾക്ക് ലാപ്ടോപ്പ് അനുവദിക്കണമെന്ന അപേക്ഷയുമായി ഇവരുടെ രക്ഷിതാക്കൾ എത്തിയത്. ലാപ്ടോപ് നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. ശനിയാഴ്ച ചെങ്ങന്നൂർ എം.എൽ.എ. ഓഫീസിൽ വച്ചു എഞ്ചിനീയറിങ് വിദ്യാർത്ഥിയായ ആദിത്യക്കും മാനേജ്മെന്റ് വിദ്യാർത്ഥിയായ മിഥുനും മന്ത്രി ലാപ്ടോപ് വാങ്ങി നൽകുകയായിരുന്നു.

നെടുവരംകോട് തുണ്ടിയിൽ വീട്ടിൽ ടി.കെ. ഷാജിമോന്റെ മകളായ ആദിത്യ ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഷാജിമോനും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യയ്ക്കും 2021ൽ കോവിഡ് വന്നതിനു ശേഷമുള്ള പ്രശ്നങ്ങളാൽ സ്ഥിരമായി ജോലിക്ക് പോകാൻ സാധിക്കുന്നില്ല. മകൻ അപകടത്തെത്തുടർന്ന് ചികിത്സയിലുമാണ്. പഠനത്തിൽ മിടുക്കിയായ മകൾക്ക് ലാപ്ടോപ്പ് വാങ്ങാൻ സാമ്പത്തികം ഇല്ലാതെ ബുദ്ധിമുട്ടിയതിനെ തുടർന്നാണ് ഇവർ മന്ത്രിയെ കാണാൻ എത്തിയത്.

മുളക്കുഴ വലിയപറമ്പ് കോളനിയിൽ കെ.ജെ. ശശിയുടെ മകനായ മിഥുൻലാൽ സി.എം.എ. വിദ്യാർഥിയാണ്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന ശശി വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണ്. മിഥുന്റെ സഹോദരനും അപകടത്തിൽ പരിക്കെറ്റ് ചികിത്സയിലാണ്. കുടുംബത്തിന്റെ ദൈനംദിന ചിലവുകൾ നടത്താൻ പോലും വിഷമിക്കുകയായിരുന്നു കുടുംബം. തുടർന്നാണ് മന്ത്രിയെ വന്ന് കാണുന്നതും ഇപ്പോൾ ലാപ്ടോപ് ലഭിച്ചതും.