മകന്‍ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസത്തോളം

0
48

കോഴിക്കോട് വളയത്ത് മകന്‍ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസത്തോളം. മൂന്നാംകുനി രമേശന്‍ മരിച്ചെന്നത് അറിയാതെയാണ് മാതാവ് ഇദ്ദേഹത്തിന്റെ മൃതദേഹത്തിനരികെ മൂന്ന് ദിവസത്തോളം ഇരുന്നത്. പെന്‍ഷന്‍ നല്‍കാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. വയോധിക മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

കോഴിക്കോട് വളയം കല്ലുനിരയില്‍ മൂന്നാം കുനി രമേശനെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രമേശന്റെ മാതാവ് മന്ദിയ്ക്ക് പെന്‍ഷന്‍ നല്‍കാനായി വീട്ടിലെത്തിയ ജീവനക്കാര്‍, ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടിനകത്ത് കയറി പരിശോധിക്കുകയായിരുന്നു.

രമേശനെ കട്ടിലില്‍ മരിച്ച നിലയിലും സമീപത്ത് മാതാവിനെയും കണ്ടതിനെ തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് വളയം പൊലീസ് സ്ഥലത്തെത്തുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു. മാതാവിന് മാനാസിക അസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു. കരള്‍ രോഗിയായ രമേശന് ശാരീരിക അവശതകളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.