നടിയും മുൻ ഭാര്യയുമായ ആംബർ ഹേർഡിൽ നിന്ന് ലഭിച്ച നഷ്ടപരിഹാര തുക ജീവകാരുണ്യ സംഘടനകൾക്ക് നൽകാൻ ഹോളിവുഡ് താരം ജോണി ഡെപ്പ്. രോഗബാധിതരായ കുട്ടികളെ സഹായിക്കാനും പാർപ്പിടങ്ങൾ നിർമിക്കാനും ഈ പണം വിനിയോഗിക്കും.
ആംബർ ഹേർഡിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ നഷ്ടപരിഹാരമായി ലഭിച്ച ഒരു മില്യൺ ഡോളർ (8.2 കോടി രൂപ)യാണ് ജോണി ഡെപ്പ് അഞ്ച് ജീവകാരുണ്യ സംഘടനകൾക്കായി നൽകുന്നത്. മേക്ക്-എ-ഫിലിം ഫൗണ്ടേഷൻ, ദി പെയിന്റഡ് ടർട്ടിൽ, റെഡ് ഫെതർ, മർലോൺ ബ്രാൻഡോയുടെ ടെറ്റിയാറോവ സൊസൈറ്റി ചാരിറ്റി എന്നിവയുൾപ്പെടെയുള്ള സംഘടനകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ആംബർ ഹേർഡിനെതിരെ ജോണി ഡെപ്പ് നൽകിയ മാനനഷ്ടക്കേസിൽ കഴിഞ്ഞ ജൂണിലാണ് വിധി വന്നത്. ഡെപ്പിന് ആംബർ 10.35 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. കഴിഞ്ഞ ഡിസംബറിൽ നടന്ന ഒത്തുതീർപ്പിൽ ഹേർഡ് ഒരു മില്യൺ ഡോളർ നൽകിയാൽ മതിയെന്ന് ഡെപ്പ് സമ്മതിക്കുകയായിരുന്നു.
